കരുനാഗപ്പള്ളി: കൊവിഡ് രോഗികളുടെ കുടുംബങ്ങൾക്ക് ആശ്രയമാകുകയാണ് ഒരു സാമൂഹ്യ അടുക്കള. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാലിയുടെയും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ജെ.പ്രസേനന്റെയും നേതൃത്വത്തിലാണ് ഈ ജനകീയ അടുക്കള പ്രവർത്തിക്കുന്നത്. കഴിഞ്ഞ 28 ദിവസമായി ഇവിടെ നിന്ന് ആവശ്യക്കാടക്കുള്ള ഭക്ഷണം തയ്യാറാകുന്നു.
യുവാക്കളും വനിതകളും
രണ്ടാം കൊവിഡ് വ്യാപനത്തിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉണ്ടായിരുന്നത് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലായിരുന്നു. ഇപ്പോഴും ഇവിടെക്ക് കടക്കാനുള്ള പ്രധാന വഴികളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. രോഗം വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഷാലി ജനകീയ അടുക്കള പ്രവർത്തന സജ്ജമാക്കിയത്. സേവന സന്നദ്ധരായ ഒരു പറ്റം യുവാക്കളും വനിതകളും സാമൂഹ്യ അടുക്കളയുടെ പ്രവർത്തനങ്ങളിൽ കണ്ണികളായതോടെ അടുക്കളയുടെ പ്രവർത്തനം ഉഷാറായി.
കൊവിഡിനെ നിയന്ത്രിച്ച കൂട്ടായ്മ
തുറന്ന പ്രദേശത്ത് വിശാലമായ പന്തൽ കെട്ടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. സമാഹ്യ അടുക്കളയുടെ പ്രവർത്തനത്തിനുള്ള ഫണ്ട് പ്രവർത്തകരുടേയും നാട്ടുകാരുടെയും കൈകളിൽ നിന്നാണ് എടുക്കുന്നത്. വാർഡിൽ കൊവിഡ് ബാധിച്ച 85 ഓളം കുടുംബങ്ങൾക്കാണ് സാമൂഹ്യ അടുക്കളയുടെ സേവനം ലഭിക്കുന്നത്. രാവിലെ കാപ്പി 8 മണിക്ക് മുമ്പായി എല്ലാ രോഗികളുടെയും വീടുകളിൽ എത്തിക്കും. ഉച്ചക്കുള്ള ഊണ് 12 മണിയോടെയും. രാത്രി പൊടിയരി കഞ്ഞി വെയ്ക്കുന്നതിനുള്ള പൊടിയരി വീട്ടുകാരെ എല്ലാ ദിവസവും ഏല്പിക്കും. ഇതു കൂടാതെ മരുന്നും ഇവർ ആവശ്യപ്പെടുന്ന സാധനങ്ങളും വീടുകളിൽ എത്തിക്കും. രോഗികളുടെ വീട്ടിൽ നിന്ന് ഒരാൾ പോലും പുറത്ത് ഇറങ്ങാൻ അനുവദിക്കുകയില്ല. ഇതിന്റെ ഫലമായി 23-ം വാർഡിൽ രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി മെമ്പർ ഷാലി പറഞ്ഞു. ജനങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതെന്ന് ജനകീയ കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു.