കരുനാഗപ്പള്ളി: വില്പനക്കുള്ള ചാരായവുമായി ബുള്ളറ്റിൽ എത്തിയ രണ്ട് പേർ എക്സൈസ് പ്രിവന്റീവ് ഓഫീസർ വിജിലാലിനെ ബുള്ളറ്റിന്റെ ഹാൻഡിൽ കൊണ്ട് തട്ടി താഴെയിട്ട ശേഷം കടന്ന് കളഞ്ഞു. തൊടിയൂർ വേങ്ങറ കണ്ണംമ്പള്ളി തെക്കതിൽ പ്രമോദ് (34), വേങ്ങറ പാലക്കോട്ട് വീട്ടിൽ പ്രകാശ് (45) എന്നിവരാണ് കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ തഴവാ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഇരുവരും ചാരായം വിൽക്കുന്നതായി ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചു. എക്സൈസ് ഉദ്യോഗസ്ഥർ വിജിലാലിന്റെ നേതൃത്വത്തിൽ മഫ്തിയിൽ വില്പന സ്ഥലത്തെത്തി. ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയ സംഘം ശേഷിക്കുന്ന ചാരായവുമായി രക്ഷപ്പെടാൻ ശ്രിച്ചു. ഇവരെ എക്സൈസുകാർ തടഞ്ഞ് നിറുത്തി അര ലിറ്റർ ചാരായം പിടിച്ചെടുത്തു. അപ്പോഴേക്കും ഇവർ ബുള്ളറ്റ് ഇരപ്പിച്ച് വിജിലാലിനെ തട്ടി താഴെയിട്ട ശേഷം കടന്ന് കളയുകയായിരുന്നു. ഇവരുടെ പേരിൽ ചാരായ വിൽപ്പന നടത്തിയ കുറ്റം കൂടാതെ അബ്കാരി ആക്ട് 61 പ്രകാരവും കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എസ്.ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ. അരുൺലാൽ. ചാൾസ് എന്നിവരുമുണ്ടായിരുന്നു