കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അംഗീകാരമില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് അറിയിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യു.ജി.സി) സ്ഥിരാംഗീകാരം നേരത്തേ ലഭിച്ചു. ഇതു പ്രകാരം, രാജ്യത്തെ അംഗീകൃത സർവകലാശാലയായി പ്രഖ്യാപിക്കുകയും യു.ജി.സിയുടെ വെബ്സൈറ്റിൽ പേര് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിലെ നിയമ പ്രകാരം ഒരംഗീകൃത സർവകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ മാതൃകയിൽ കോഴ്സുകൾ തുടങ്ങുന്നതിന് യു.ജി.സിയുടെ കീഴിലുള്ള ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം നേടേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷകൾ രാജ്യത്തെ എല്ലാ സർവകലാശാലകളിൽ നിന്നും വർഷത്തിൽ രണ്ടു തവണ സ്വീകരിക്കും. സർവകലാശാല തുടങ്ങാനുദ്ദേശിക്കുന്ന പ്രോഗ്രാമുകളുടെ സിലബസും മറ്റ് വിശദാംശങ്ങളുമാണ് പോർട്ടൽ വഴി സമർപ്പിക്കേണ്ടത്. 2020ലെ യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ പഠനത്തിന്റെ റെഗുലേഷന് അനുസൃതമായി നേരിട്ടുള്ള പരിശോധനകൾക്ക് ശേഷമാണ് അനുമതി ലഭിക്കുന്നത്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 20 ബിരുദ കോഴ്സുകളും ഏഴോളം ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ പോർട്ടൽ അവസാനമായി തുറന്നത് 2020 നവംബർ മാസത്തിലാണ്. കൊവിഡ് മഹാമാരിയെത്തുടർന്ന് പോർട്ടൽ തുറക്കുന്ന തീയതി യു.ജി.സി പ്രഖ്യാപിച്ചിട്ടില്ല. പോർട്ടലിൽ സമർപ്പിക്കാനായി കോഴ്സുകളുടെ കരിക്കുലവും സിലബസും പ്രോഗ്രാം പ്രോജക്ട് റിപ്പോർട്ടുകളും സർവകലാശാല തയ്യാറാക്കി കാത്തിരിക്കുകയാണെന്നും രജിസ്ട്രാർ അറിയിച്ചു.