പരവൂർ: പൊലീസ് പരിശോധനയിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി മദ്ധ്യവയസ്കൻ പിടിയിലായി. നെടുങ്ങോലം കല്ലംകോടി തൊടിയിൽ തെക്കതിൽ കുറിഞ്ചേരി ബാബു എന്നറിയപ്പെടുന്ന ശ്രീകുമാറാണ് (59) പരവൂർ പൊലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന് സമീപം മാലാക്കായലിനോട് ചേർന്ന പൊന്തക്കാട്ടിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. ശ്രീകുമാർ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പരിശോധനയിൽ പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപൻ, എസ്.ഐമാരായ നിസാം, ഗോപകുമാർ, ഷൂജ, എ.എസ്.ഐമാരായ ഹരിസോമൻ, രമേശ്, സി.പി.ഒ അനീഷ് എന്നിവർ പങ്കെടുത്തു.