പത്തനാപുരം: സംരക്ഷിക്കാനാരുമില്ലാതെ പത്തനാപുരത്തെ ഒരു ലോഡ്ജ് മുറിയിൽ കഴിഞ്ഞ ഷൗക്കത്തിന് കരുതലായി ഗാന്ധിഭവൻ. പത്തനാപുരം മഞ്ചള്ളൂർ മൂലമണ്ണിൽ പുത്തൻവീട്ടിൽ മുഹമ്മദ്ഷാ ഷൗക്കത്തിനെ(60)യാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. മുപ്പത് വർഷത്തോളം ദുബായിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം തന്റെ എല്ലാ സമ്പാദ്യവും ഭാര്യയുടെയും മകളുടെയും പേരിൽ എഴുതിവച്ചിരുന്നുവെന്നും അഞ്ച് വർഷം മുമ്പ് തനിക്ക് പക്ഷാഘാതം വന്ന് പരസഹായം ആവശ്യമായിവന്നപ്പോൾ ഭാര്യയും മകളും സംരക്ഷിക്കാത്തതിനാൽ അവരിൽ നിന്ന് അകന്നു താമസിക്കുകയായിരുന്നെന്നും ഷൗക്കത്ത് പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ശരീരം തളർന്നു വീണ ഇയാളെ പരിചയക്കാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ പത്തനാപുരം ഫാത്തിമാ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിപ്പിക്കുകയുമായിരുന്നു. പരിചരിക്കാനും സംരക്ഷിക്കാനും ആരുമില്ലാത്തതിനാൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, ക്ഷേമകാര്യ സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർമാൻ കെ.വൈ. സുനറ്റ് എന്നിവർ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനുമായി ബന്ധപ്പെട്ടത്തോടെയാണ് ഷൗക്കത്തിന് അഭയകേന്ദ്രം ഒരുങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, മെമ്പർ കെ.വൈ. സുനറ്റ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്ഥലത്തെത്തി ഷൗക്കത്തിനെ ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തു.