കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ആവണീശ്വരത്ത് മഴമൂലമുണ്ടാകുന്ന വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരമായി ബണ്ട് നിർമ്മിക്കും. കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ളയുടെ നേതൃത്വത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിലാണ് തീരുമാനം . നിലവിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷന്റെ സമീപത്തുള്ള പാലം മുതൽ കിടങ്ങയിൽ ദേവീക്ഷേത്രം വരെയുള്ള തോടിന്റെ പലയിടങ്ങളിൽ ബണ്ട് പൊട്ടിമാറിയ അവസ്ഥയിലാണ്. അതിനാൽ ശക്തമായ മഴ പെയ്യുമ്പോൾ തോട്ടിൽ നിന്ന് ഈ ഭാഗത്തുള്ള കരയിലേക്ക് വെള്ളം കയറും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബണ്ടുകൾ നിർമ്മിക്കുന്നത്. വരും ദിവങ്ങളിൽ തന്നെ എസ്റ്റിമേറ്റ് പൂർത്തിയാക്കി മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും എത്രയും വേഗം ബണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും അനന്തു പിള്ള പറഞ്ഞു.