കൊല്ലം: നിരന്തരമായ ശുചീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യുവത്വം ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുൻകൈയെടുക്കണമെന്നും ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു. അതിജീവന കാലത്ത് അണിചേരാം ആരോഗ്യമുള്ള നാടിനായി എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് 10 വരെ ജില്ലയിലാകമാനം സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷനായി. ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി നോബൽ ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്. ശ്രീരശ്മി, എച്ച്.ഹരീഷ്, എച്ച്. ഷാജി ദാസ്, അരുൺ കലയ്ക്കോട്, എസ്.കെ. ചന്ദ്രകുമാർ, സുനിൽ പൂയപ്പള്ളി, നിഷാകുമാരി, അഭിനന്ദ് എന്നിവർ സംസാരിച്ചു. സുജിത്ത് പൂയപ്പള്ളി, വിജിൻ മനോഹരൻ, അമൽ, സുഗീത്, സജീവ് മത്തായി, കൃഷ്ണകുമാർ, ദിലീപ് അരുൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ചാത്തന്നൂർ ഡിപ്പോയിലെ ഓഫീസ് മുറികളും പരിസരപ്രദേശങ്ങളും ബസുകളും എ.ഐ.വൈ.എഫ് പ്രവർത്തകർ ശുചീകരിച്ചു.