photo
കോട്ടാത്തല മൂഴിക്കോട് ചിറയുടെ കരയിൽ പമ്പ് ഹൗസ് നിന്നിരുന്ന ഭാഗം ഇടിഞ്ഞ് വെള്ളത്തിലായപ്പോൾ

കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് ചിറയിൽ സ്ഥാപിച്ച പമ്പ് ഹൗസ് തകർന്ന് വെള്ളത്തിലായി. കാർഷിക ആവശ്യത്തിനായി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് പമ്പ് ഹൗസ്. മൂഴിക്കോട് ഏലായിലെ കൃഷിയ്ക്ക് വേനൽക്കാലത്ത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിച്ചത്. പമ്പ് ഹൗസ് നിർമ്മിച്ച് മോട്ടോർ ഘടിപ്പിച്ചെങ്കിലും ദിവസങ്ങൾക്കകം ഇത് ഇളക്കിക്കൊണ്ടുപോയെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇപ്പോൾ പമ്പ് ഹൗസ് പൂർണമായും ചിറയ്ക്കുള്ളിലേക്ക് ഇടിഞ്ഞ് വീണിരിക്കുന്നു. അടിത്തറ ബലപ്പെടുത്താത്ത തറയിൽ പമ്പ് ഹൗസ് നിർമ്മിച്ചതിന്റെ പേരിൽ നിർമ്മാണ ഘട്ടത്തിലും ഏറെ വിവാദങ്ങളുണ്ടായിരുന്നതാണ്.

പദ്ധതികളെല്ലാം വെറുതേ

ചിറയിലെ ജലത്തെ ആശ്രയിച്ചുമാത്രം വേനൽക്കാല കൃഷി നടത്തിയിരുന്ന ഏലായാണ് ഇതിനടുത്തുള്ളത്. മഴക്കാലത്തും വേനൽക്കാലത്തും ചിറയിൽ നിന്നുള്ള വെള്ളം റോഡിന്റെ അടിയിലൂടെ നിർമ്മിച്ച കനാൽ വഴി ഏലായിലേക്ക് തുറന്നുവിടാറുണ്ടായിരുന്നു. വേനൽക്കാലത്ത് വെള്ളമൊഴുക്ക് കാര്യമായി നടക്കാതെ വന്നപ്പോഴാണ് പമ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കാൻ തീരുമാനിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കും ഇതുവഴി വെള്ളമെടുക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ പദ്ധതികളെല്ലാം വെറുതെയായി. ചിറയും നാശത്തിലേക്ക് കൂപ്പുകുത്തി. വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവാക്കി സംരക്ഷണവേലി നിർമ്മിച്ചതൊഴിച്ചാൽ ചിറയുടെ കാര്യത്തിൽ അധികൃതർ ഇടപെടുന്നില്ല. മാസങ്ങൾക്ക് മുൻപ് പ്രദേശവാസിയായ യുവാവ് ചിറ വൃത്തിയാക്കുന്നതിനായി ഒറ്റയ്ക്ക് ഇറങ്ങിയിരുന്നു. എന്നാൽ അതിനും തുടർച്ചയുണ്ടായില്ല.

എലിപ്പത്തായത്തിലെ കുളം!

വർഷങ്ങൾക്ക് മുൻപ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായമെന്ന സിനിമയിൽ ഈ ചിറ ഇടം നേടിയിട്ടുണ്ട്. വേനൽക്കാലത്തും ചിറയിലെ വെള്ളം വറ്റാറില്ല. മുമ്പ് പ്രദേശവാസികൾ തുണി അലക്കാനും കുളിക്കാനും ചിറയെയാണ് ആശ്രയിച്ചിരുന്നത്. ഇടക്കാലത്ത് വൃത്തിയാക്കിയപ്പോൾ നീന്തൽ കുളമായും മാറിയിരുന്നു.