കൊട്ടിയം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതോടെ ദുരിതത്തിലായ ആനകൾക്കും പാപ്പാന്മാർക്കും സഹായവുമായി ആനപ്രേമികൾ. മുഖത്തല കണിയാൻതോട്ടിലെ ഒരുകൂട്ടം യുവ ആനപ്രേമികളാണ് ആനകൾക്ക് തീറ്റയും പാപ്പാന്മാരുടെ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്രുകളും എത്തിച്ചുനൽകുന്നത്. ആദ്യഘട്ടത്തിൽ പേരൂർ ശിവൻ എന്ന ആനയ്ക്കും ചട്ടക്കാർക്കുമാണ് സാധനങ്ങൾ എത്തിച്ചുനൽകിയത്. രണ്ടാം ഘട്ടത്തിൽ ഇളമ്പള്ളൂർ കൊച്ചു ഗണേശൻ, മൗട്ടത്ത് രാജേന്ദ്രൻ എന്നീ ആനകൾക്കും ഇവരുടെ പാപ്പാന്മാർക്കും സഹായമെത്തിക്കുമെന്ന് സംഘത്തിലെ വിഷ്ണു മോഹൻ, ഹരിക്കുട്ടൻ, വിനോദ്, ജിഷ്ണു മോഹൻ, വിപിൻദാസ്, ജയകൃഷ്ണൻ, നിതിൻ എന്നിവർ പറഞ്ഞു.