baby

തിരുവനന്തപുരം: ഉറക്കമുണർന്ന മുത്തശി ബോധരഹിതയായി വീണത് കൈക്കുഞ്ഞിന്റെ പുറത്ത്, ഞെരിഞ്ഞമർന്ന കുഞ്ഞ് ത‌ത്ക്ഷണം മരിച്ചു. കള്ളിക്കാട് മൈലക്കര കൊച്ചുകോണത്ത് രേവതിയുടെ നാലരമാസം പ്രായമായ പെൺകുഞ്ഞ് അളക അർജുനാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മാസങ്ങൾക്ക് മുമ്പാണ് രേവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. തുടർന്ന് സ്വന്തം വീട്ടിലായിരുന്നുഅവർ. പുലർച്ചെ രേവതിയുടെ അമ്മ സതികുമാരിയാണ് ഉറക്കമുണർന്ന ശേഷം മുറിക്ക് പുറത്തേക്കിറങ്ങുന്നതിനിടെ തലചുറ്റി വീണത്. നിലത്തെ പായയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അളകയുടെ ശരീരത്തിലായിരുന്നു അവർ വീണത്. വീഴ്ചയുടെ ആഘാതത്തിൽ അൽപസമയം നിറുത്താതെ കരഞ്ഞ കുഞ്ഞ് ബോധരഹിതയായി. തൊട്ടടുത്ത് തന്നെ ഉറക്കത്തിലായിരുന്നു ഇരട്ടകളിലൊന്നായ ആൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. രേവതിയുടെ നിലവിളികേട്ട് ഓടിക്കൂടിയ അയൽവാസികൾ ചേ‌ർന്ന് കുഞ്ഞുങ്ങളെയും സതികുമാരിയെയും നെയ്യാർ ഡാമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. രക്തസമ്മർദ്ദത്തെ തുടർന്ന് അബോധാവസ്ഥയിലായ സതികുമാരി അപകടനില തരണം ചെയ്തെങ്കിലും ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാം പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. ബന്ധുക്കളുടെ മൊഴി പ്രകാരം കേസെടുത്തതായും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.