കൊല്ലം: അടുത്തടുത്ത് രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ആർ.എസ്.പി ജനകീയ മുഖവുമായി നഷ്ടപ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുന്നു. ജനസേവനത്തിലൂടെ വീണ്ടും ചുവടുറപ്പിക്കാനാണ് തീരുമാനം. നാളെ കൊല്ലത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഭാവി പ്രവർത്തനങ്ങളുടെ മാർഗരേഖ തയ്യാറാക്കും. പഞ്ചായത്ത് തലത്തിലുൾപ്പെടെ വേറിട്ട പ്രവർത്തനങ്ങൾക്ക് പാർട്ടിയും പോഷക സംഘടനകളും കൈകോർക്കും. എല്ലാ ജില്ലകളിലും ജനങ്ങൾക്ക് ആവശ്യമായ സഹായവുമായി ഇനി ആർ.എസ്.പി വിളിപ്പുറത്തുണ്ടാകും. അടുത്ത പാർട്ടി സമ്മേളനത്തിന് മുന്നോടിയായി ജനകീയാടിത്തറ വിപുലമാക്കി പുതുജീവൻ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജനകീയമാവുന്നത് ഇങ്ങനെ
1. അശരണർക്ക് സഹായങ്ങൾ എത്തിക്കുക
2. രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കുക
3. പഞ്ചായത്ത് തലത്തിൽ പാലിയേറ്റീവ് കെയർ സഹായം
4. കൊവിഡ് മുന്നണിപ്പോരാളികളാവുക
5. സൗജന്യ ആംബുലൻസ് സേവനം നൽകൽ
സാമൂഹികം
1. അർഹരായവർക്ക് പെൻഷൻ, റേഷൻ, വീട് എന്നിവ കിട്ടാൻ സഹായം
2. കുട്ടികൾക്ക് പഠനസാമഗ്രികളും സഹായവും എത്തിക്കുക
3. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചികിത്സാ സഹായങ്ങൾ ഉറപ്പാക്കുക
4. യുവജനങ്ങൾക്ക് തൊഴിൽ സംരംഭങ്ങളിൽ സഹായകമാവുക
5. പ്രായമായവർക്കും മുതിർന്ന സ്ത്രീകൾക്കും വിവിധ സഹായങ്ങൾ ഉറപ്പാക്കുക
രാഷ്ട്രീയ ഇടപെടൽ
1. പൊതു ആവശ്യങ്ങളിൽ തുടർച്ചയായ ഇടപെടൽ
2. അടിസ്ഥാന സൗകര്യങ്ങൾ സാക്ഷാത്കരിക്കാൻ സമരങ്ങൾ
3. കോളനികളുടെ ശോച്യാവസ്ഥ തദ്ദേശ സഹായത്തോടെ പരിഹരിക്കൽ
4. സമൂഹ സുരക്ഷയ്ക്ക് യുവജന കൂട്ടായ്മകൾ
5. ഗ്രാമങ്ങൾ മാലിന്യമുക്തമാക്കാൻ ഇടപെടൽ
''
സാമൂഹ്യസേവനത്തിലൂടെ ജനകീയാടിത്തറ വിപുലമാക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ചാലക ശക്തിയാവാൻ കഴിയുന്നതെല്ലാം ആലോചിക്കും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
ആർ.എസ്.പി ദേശീയ സെക്രട്ടേറിയറ്റ് അംഗം