കൊല്ലം: മയ്യനാട് ജംഗ്ഷനിൽ റോഡിലെ അപകടകരമായ കുഴികൾ ശരിയാകാത്തതിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ റോഡ് ഉപരോധിച്ചു. നടുറോഡിൽ കുത്തിയിരുന്ന പ്രവർത്തകർ അതുവഴി വന്ന പൊതുമരാമത്ത് വകുപ്പിന്റെ വാഹനം തടഞ്ഞിട്ടു. പൊലീസ് പലതവണ ചർച്ച നടത്തിയെങ്കിലും സമരക്കാർ പിൻവാങ്ങിയില്ല. ഒടുവിൽ അടിയന്തരമായി റോഡ് നന്നാക്കാമെന്ന പെതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഉറപ്പിനെ തുടർന്നാണ് മണിക്കൂറുകൾ നീണ്ട സമരം അവസാനിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മയ്യനാട് സുനിൽ, ബി. ശങ്കരനാരായണപിള്ള, സുധീർ കൂട്ടുവിള, വിപിൻ ജോസ്, ഷഫീഖ് വെൺപാലക്കര, ആദർശ ദാസ്, അംജിത്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. പൊതുമരാമത്ത് വകുപ്പ് വാക്ക് പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.