photo

കൊല്ലം: കേരളത്തിലെ കലാകുടുംബത്തിൽ നിന്ന് ലോകസിനിമയുടെ അഭ്രപാളിയിൽ ചിറകുവിടർത്തുകയാണ് നാടകാചാര്യൻ ഒ. മാധവന്റെ കൊച്ചുമക്കളായ നീത ശ്യാമും നതാലിയ ശ്യാമും. 'ഫൂട്ട്‌പ്രിന്റ്സ് ഓൺ വാട്ടർ' എന്ന ബ്രിട്ടീഷ് - ഇന്ത്യൻ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നീതയാണ്. നതാലിയയാണ് സംവിധായിക.

ഒ. മാധവന്റെ ഇളയമകളും എഴുത്തുകാരിയുമായ ലണ്ടനിൽ താമസിക്കുന്ന ജയശ്രീ ശ്യാംലാലിന്റെ മക്കളാണ് ഇരുവരും. മൂത്തമകൾ നീത എഴുത്തിന്റെ വഴി പിന്തുടർന്നപ്പോൾ നതാലിയയ്ക്ക് സിനിമാ സംവിധാനത്തിലായിരുന്നു പ്രിയം. ലണ്ടനിലെ റെഡിംഗ് ഫിലിം സ്‌കൂളിൽ നിന്ന് സംവിധാനം പഠിച്ച ഇരുപത്തിയെട്ടുകാരിയായ നതാലിയ ഏഴുവർഷമായി സഹസംവിധായികായി രംഗത്തുണ്ട്. സംവിധായകരായ ശ്യാമപ്രസാദ്,​ രഞ്ജിത്ത് എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

നീത രചിച്ച 'ഫൂട്ട്‌പ്രിന്റ്സ് ഓൺ വാട്ടർ' എന്ന തിരക്കഥയ്ക്ക് നടൻ അമീർഖാൻ ജൂറി ചെയർമാനായ സിനിസ്ഥാൻ അന്തർദേശീയ മത്സരത്തിൽ പുരസ്കാരം ലഭിച്ചതോടെയാണ് സിനിമയാക്കാൻ തീരുമാനിച്ചത്. കൊച്ചിയിൽ നിന്നുള്ള ഇംഗ്ലണ്ടിലെ കുടിയേറ്റ കുടുംബത്തിന്റെ കഥ പറയുന്ന മുഴുനീള ഇംഗ്ളീഷ് ചിത്രത്തിന്റെ സംഭാഷണത്തിൽ മലയാളം,​ ഹിന്ദി,​ ബംഗാളി ഭാഷകളും ഇടംപിടിച്ചിട്ടുണ്ട്. ലണ്ടനിലും കൊച്ചിയിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

മലയാളത്തിളക്കം

ദി പ്രൊഡക്ഷൻ ഹെഡ് ക്വാ‌ർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാരാണ് 'ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ' നിർമ്മിക്കുന്നത്. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ,​ മലയാളി താരങ്ങളായ നിമിഷ സജയൻ,​ ലെന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പനാണ് കാമറ ചലിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദനിയന്ത്രണവും സംയോജനവും നിർവഹിച്ചിരിക്കുന്നത്.


കുടുംബം
20 വർഷം മുമ്പാണ് ജയശ്രീയും കോളേജ് പ്രൊഫസറായ ഭർത്താവ് ശ്യാംലാലും ലണ്ടനിൽ സ്ഥിരതാമസമാക്കിയത്. നീതയുടെ ഭർത്താവ് ആനന്ദ് രാമചന്ദ്രൻ ലണ്ടനിൽ എൻജിനിയറാണ്. ബംഗാൾ സ്വദേശിയും ലണ്ടനിൽ ഐ.ടി പ്രൊഫഷണലുമായ രാജശ്രീ ബദ്ര‌യാണ് നതാലിയയുടെ ഭർത്താവ്.

''

ലണ്ടനിൽ സംവിധായിക ആവുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. വർഷങ്ങളായി ഇതിനായി അദ്ധ്വാനിച്ചു. വിജയപ്രതീക്ഷയാണുള്ളത്. കാരണം അത്രത്തോളം കഷ്ടപ്പാടിന്റെ നിക്ഷേപം ഇതിലുണ്ട്.

നതാലിയ ശ്യാം