പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ ഗ്യാരേജ് നവീകരണ ജോലികൾക്ക് വേണ്ടിയുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കാൻ പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. നിലവിൽ ഡിപ്പോയിൽ നടന്ന് വരുന്ന നിർമ്മാണ ജോലികളും ഡിപ്പോയ്ക്ക് പുറക് വശത്തെ കല്ലടയാറിന്റെ തീരത്ത് പണി ആരംഭിച്ച പാർക്കിന്റെ നിർമ്മാണ ജോലികളും അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാരന് യോഗം നിർദ്ദേശം നൽകി. ഡിപ്പോയ്ക്കുള്ളിലെ യാർഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടിയന്തരമായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചുളള വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ബസ് ഡിപ്പോയുടെ പൊതുവായ വികസനങ്ങളെ സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത തല യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും എം.എൽ.എ അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ദിനേശൻ, വസന്ത രഞ്ചൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് എന്നിവർക്ക് പുറമെ ഡി.ടി.ഒ, പുനലൂർ എ.ടി.എ, ആർ.ടി.ഒ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.