മാലിന്യ സംസ്കരണത്തിന് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഹാജരാക്കണം
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കമ്മിഷണർക്ക് നിർദ്ദേശം
കൊല്ലം: മാലിന്യം നീക്കം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ നഗരസഭയ്ക്ക് ജില്ലാ കളക്ടറുടെ ശാസന. മാലിന്യം സംസ്കരിക്കുന്നതിന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുമായി ഈ മാസം 12ന് ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നേരിട്ട് ഹാജരാകാൻ കളക്ടർ നഗരകാര്യ ജോയിന്റ് ഡയറക്ടർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നിർദ്ദേശം നൽകി.
മാലിന്യ സംസ്കരണം സംബന്ധിച്ച ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ നഗരത്തിൽ നിരന്തരം ലംഘിക്കപ്പെടുന്നെന്നും മാലിന്യം ചീഞ്ഞഴുകി ശുദ്ധവായു ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉത്തരവിൽ പറയുന്നു. പ്രഭാതസവാരിക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ പുലർകാലത്തും മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നു. കൊവിഡ് കാലത്തും റോഡ് വക്കുകളിലും ഓടകളിലും മാലിന്യം കുന്നുകൂടുകയാണ്. മാലിന്യം ശേഖരിച്ച് യഥാസമയം സംസ്കരിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നഗരസഭ വിമുഖത കാട്ടുന്നതായും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
മാലിന്യനീക്കം; ചുമതല തഹസിൽദാർക്ക്
ഈ മാസം 10 മുതൽ 30 വരെ രാവിലെ ഏഴ് മണിക്ക് ശേഷം നഗരത്തിലെ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യം നീക്കം ചെയ്യാൻ തഹസിൽദാരെ കളക്ടർ ചുമതലപ്പെടുത്തി. ഇതിനായി തഹസിൽദാർ ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കണം.
മാലിന്യം നീക്കം ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുമ്പ് നഗരസഭാ സെക്രട്ടറിയെ ഫോൺ അടക്കമുള്ള ഏതെങ്കിലും ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ വിവരമറിയിക്കണം. രണ്ട് മണിക്കൂറിനുള്ളിൽ പ്രതികരണം ഉണ്ടായില്ലെങ്കിൽ നഗരസഭയുടേതടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തഹസിൽദാർ മാലിന്യം നീക്കം ചെയ്യണം. ഇതിന് ചെലവാകുന്ന തുക പ്രത്യേകം സൂക്ഷിക്കണം. ഈ തുക ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും.
തഹസിൽദാർക്ക് ആവശ്യമായ. സഹായം നൽകാൻ മറ്റ് വകുപ്പുകളുടെ ജില്ലാ മേധാവിമാർക്കും കളക്ടർ നിർദ്ദേശം നൽകി. പൊതു സഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.