photo
സദാനന്ദപുരം കോട്ടൂർ പാലവും തോടും

കൊട്ടാരക്കര: സദാനന്ദപുരം- വെട്ടിക്കവല റോഡിൽ കോട്ടൂർ പാലത്തിന്റെ പുനർ നിർമ്മാണത്തിലെ അശാസ്ത്രീയത ഏലായിലെ കൃഷിയ്ക്ക് ദോഷമായി. ഹെക്ടർ കണക്കിന് നിലത്തിലെ കൃഷിയാണ് വെള്ളം കയറി നശിക്കുന്നത്. പഴയ പാലം തകർച്ചയിലായപ്പോഴാണ് പൊളിച്ച് നീക്കി പുതിയ പാലം നിർമ്മിച്ചത്. നാല് മാസം മുൻപാണ് നിർമ്മാണം പൂർത്തിയായത്.

റോഡിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു

പാലത്തിന്റെ അടിയിൽക്കൂടി കടന്നുപോകുന്ന തോടിന്റെ ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്തതാണ് ദോഷകരമായി മാറിയത്. ഇതുമൂലം വെള്ളം ഏലായിലേക്ക് കടക്കുകയാണ്. കോൺക്രീറ്റ് ചെയ്തഭാഗത്ത് വെള്ളം കെട്ടിനിൽക്കുകയും ചെയ്യും. ഇതുമൂലം റോഡിന്റെ സംരക്ഷണ ഭിത്തിയും ഇടിയാൻ തുടങ്ങിയിട്ടുണ്ട്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ചിരട്ടക്കോണം, കണ്ണങ്കോട് പാലമുക്ക്, മടത്തറ, പനവേലി, സദാനന്ദപുരം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വെള്ളം ഇതുവഴിയാണ് ഒഴുകുന്നത്. കനത്ത മഴ പെയ്താൽ കുത്തൊഴുക്കുണ്ടാകും.

പരിഹാരം വേണം

ഏലായിൽ നിറയെ വെള്ളം കയറിയത് കാർഷിക മേഖലയ്ക്ക് വലിയ ദോഷമുണ്ടാക്കുന്നുണ്ട്. അടിയന്തരമായി പരിഹാര നടപടികൾ കൈക്കൊള്ളണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.