കൊട്ടാരക്കര: ടിനു പാസ്റ്റർ നേതൃത്വം നൽകുന്ന ഗോഡ്സ് ലൗ ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കണിയാംകോണത്ത് ഉണ്ണിയുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ചുനൽകിയത്. നിത്യരോഗികളായ ഉണ്ണിയും ഭാര്യ ഹേമലതയും മകനും ചോർന്നൊലിക്കുന്ന കുടിലിലാണ് താമസിച്ചിരുന്നത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ് അറിയിച്ചതിനെതുടർന്നാണ് ഗോഡ്സ് ലൗ ചാരിറ്റി ഭാരവാഹികൾ വീട് നിർമ്മിച്ചുനൽകാൻ തീരുമാനിച്ചത്. താക്കോൽദാന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.ഷാജു, ടിനു പാസ്റ്റർ, ഫൈസൽ ബഷീർ, സണ്ണി ജോർജ്ജ്, സി.മുകേഷ്, തോമസ്, ജിജി മോഹൻ എന്നിവരും പങ്കെടുത്തു.