chirakkara
ചിറക്കര ഗ്രാമപഞ്ചായത്ത് അംഗം വിനിത ദീപു പശുക്കിടാവിനെ പരിചരിക്കുന്നു

ചാത്തന്നൂർ: കൊവിഡ് ബാധിതരുടെ വീട്ടിൽ പ്രസവത്തോടെ ചത്ത തള്ളപ്പശുവിന്റെ കിടാവിന് രക്ഷകരായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ചിറക്കര പഞ്ചായത്തിലെ ഉളിയനാട് കോളേജ് വാർഡിലാണ് അധികൃതരുടെ അവസരോചിത ഇടപെടലുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പശു പ്രസവിച്ചത്. വീട്ടുകാർ ക്വാറന്റൈനിലായിരുന്നതിനാൽ പരിചരണം നൽകാനായില്ല. പ്രസവത്തിൽ തള്ളപ്പശുവിന്റെ ഗർഭപാത്രം പുറത്തായി രക്തസ്രാവം ഉണ്ടായി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്തംഗം വിനിത ദിപു വെറ്ററിനറി ഡോക്ടർമാരായ വിശാഖ്, ശരത്ത് എന്നിവരെ വിളിച്ച് കാര്യം പറഞ്ഞു.

ഇവർ രാത്രി തന്നെ സ്ഥലത്തെത്തി വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും തള്ളപ്പശുവിനെ രക്ഷിക്കാനായില്ല. തുടർന്ന് പശുക്കിടാവിന് വേണ്ട പരിചരണം നൽകിയ ശേഷം ഇവർ മടങ്ങി. ഇന്നലെ രാവിലെ വിനിത ദിപുവിന്റെ നേതൃത്വത്തിൽ ചിറക്കര മൃഗാശുപത്രിയിലെ ഡോ. വിനോദ് ചെറിയാൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ദീപക് എന്നിവർ പശുവിന്റെ പോസ്റ്റുമാർട്ടം നടത്തി. സി.പി.ഐ കോളേജ് ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ, എ.ഐ.വൈ.എഫ് പ്രവർത്തകരായ ബിനു, ദീപക്, വിഷ്ണു, വിപിൻ എന്നിവർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പശുവിന്റെ ജഡം മറവുചെയ്തു. സമീപത്തെ വീടുകളിൽ നിന്ന് പാൽ ശേഖരിച്ച് കുപ്പിയിലാക്കിയാണ് പശുക്കിടാവിന് നൽകുന്നത്.