നഗരസഭയുടെ അധികാരങ്ങൾ ഏറ്റെടുക്കാൻ തഹസീൽദാരെ അനുവദിക്കില്ല
മാലിന്യപ്രശ്നത്തിൽ നഗരസഭയും ജില്ലാ ഭരണകൂടവും നേർക്കുനേർ
കൊല്ലം: മാലിന്യസംസ്കരണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി നഗരസഭയെ ശാസിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ മേയർ രംഗത്തെത്തി. നഗരത്തിൽ പഴയതുപോലെ മാലിന്യ പ്രശ്നനങ്ങളില്ലെന്നും നഗരസഭയുടെ അധികാരങ്ങൾ കവർന്നെടുക്കാൻ തഹസീൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും മേയർ പ്രസന്ന ഏണസ്റ്റ് പ്രതികരിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുമായി നഗരസഭാ സെക്രട്ടറി ഈ മാസം 12ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ഹാജരാകണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. മാലിന്യം യഥാസമയം സംസ്കരിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നഗരസഭ വിമുഖത കാട്ടുന്നതായും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപുറമെ ഈ മാസം 10 മുതൽ 30 വരെ രാവിലെ ഏഴ് മണിക്ക് ശേഷം നഗരത്തിലെ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യം നീക്കം ചെയ്യാൻ തഹസീൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
നഗരസഭയുടെ അധികാരത്തിൽ ഉദ്യോഗസ്ഥർ കൈകടത്താൻ ശ്രമിച്ചാൽ ജനാധിപത്യ മാർഗങ്ങളിലൂടെ നേരിടുമെന്നാണ് കോർപ്പറേഷൻ അധികൃതരുടെ നിലപാട്. ഉത്തരവിൽ കളക്ടർ ഉറച്ചുനിന്നാൽ വരുംദിവസങ്ങളിൽ നഗരസഭയും ജില്ലാ ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടൽ തന്നെ ഉണ്ടായേക്കാം.
''കളക്ടർ പറയുന്നതുപോലെ നഗരത്തിലെവിടെയും മാലിന്യം കെട്ടിക്കിടക്കുന്നതായി ബോദ്ധ്യപ്പെട്ടിട്ടില്ല. നിക്ഷേപിക്കപ്പെടുന്ന മാലിന്യം അപ്പപ്പോൾ നീക്കം ചെയ്യുകയാണ്. അജൈവ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ 16,500 കിച്ചൺ ബിന്നുകൾ വിതരണം ചെയ്തു. ഇവയുടെ സംസ്കരണത്തിന് ക്ലീൻ കേരള കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകളും വഴിയോരങ്ങളും വൃത്തിയാക്കിവരുന്നു. അഷ്ടമുടിക്കായലിലെ മാലിന്യം നീക്കം ചെയ്യാൻ ഉൾനാടൻ ജലഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോർപ്പറേഷന്റെ അധികാരത്തിൽ കൈകടത്താൻ ഒരു ഉദ്യോഗസ്ഥരെയും അനുവദിക്കില്ല. അതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുണ്ട്.''
പ്രസന്ന ഏണസ്റ്റ് (മേയർ)