കൊല്ലം: ചാത്തന്നൂർ മോഹൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മോഹൻ അനുസ്മരണവും കഥാ പുരസ്കാര സമർപ്പണവും 15ന് വൈകിട്ട് 6.30ന് വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിക്കും. 25,000 രൂപയും ചലച്ചിത്ര കലാസംവിധായകൻ ആർ.കെ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 'ദൈവക്കളി' എന്ന കൃതിക്ക് അജിജേഷ് പച്ചാട്ടിന് സമർപ്പിക്കും. 2020ൽ നൽകേണ്ടിയിരുന്ന പുരസ്കാരം കൊവിഡ് വ്യാപന സാഹചര്യത്തിലാണ് മാറ്റിവച്ചത്.
അനുസ്മരണ യോഗം ചലച്ചിത്ര സംവിധായകൻ ആർ. ശരത്ത് ഉദ്ഘാടനം ചെയ്യും. സാഹിത്യ നിരൂപകൻ ഡോ. കെ. പ്രസന്നരാജൻ അദ്ധ്യക്ഷനാകും. ചവറ കെ.എസ്. പിള്ള, കുരീപ്പുഴ ശ്രീകുമാർ, പി.കെ. ശ്രീനിവാസൻ, പ്രൊഫ. കെ. ജയരാജൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, എസ്. സുധീശൻ, ഡി. സുധീന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും. ഫേസ്ബുക്ക് ലൈവിലൂടെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി വിനീഷ്.വി. രാജ് അറിയിച്ചു.