കുന്നിക്കോട് : 691508 എന്ന പിൻകോഡിൽ അയയ്ക്കുന്ന തപാൽ ഉരുപ്പടികൾ കുന്നിക്കോട് പോസ്റ്റ് ഓഫീസിൽ തന്നെ എത്തിച്ചേരും. അവിടെ നിന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസത്തിലേക്കും. പതിറ്റാണ്ടുകളുടെ ആശയവിനിമയ ചരിത്രമുള്ള കുന്നിക്കോട് സബ് പോസ്റ്റ് ഓഫീസിന് കുന്നിക്കോട് ടൗണിന്റെ ഹൃദയഭാഗത്ത് സ്വന്തമായി സ്ഥലമുണ്ടെങ്കിലും എട്ട് വർഷത്തിലധികമായി വാടക കെട്ടിടത്തിലാണ് പ്രവർത്തനം.
സ്വന്തം ഭൂമി കാടുകയറി
തപാൽ വകുപ്പിന് കുന്നിക്കോട് ടൗണിൽ 30 സെന്റ് സ്ഥലവും അതിൽ ഒരു പഴയ കെട്ടിടവും കിണറുമുണ്ട്. അധികൃതർ ആരും തന്നെ തിരിഞ്ഞ് നോക്കാത്തതിനാൽ കാട് കയറി നശിച്ചു. ടൗണിലുള്ള വ്യാപാസ്ഥപനങ്ങളിൽ നിന്നുള്ള മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുന്നു. നിലവിൽ കുന്നിക്കോട് ടൗണിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് പ്രതിമാസം നല്ലൊരു തുക വാടക നൽകി പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിൽ ആയതിനാൽ മുതിർന്ന പൗരൻമാർക്കും അംഗപരിമിതർക്കും എത്തിച്ചേരാൻ നന്നേ ബുദ്ധിമുട്ടാണ്.
പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടിയില്ല
പഴയ കെട്ടിടത്തിന് ബലക്ഷയം വന്ന് നിലം പതിക്കുമെന്നായതോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ ധാരണയായത്. പുതിയതായി നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ രൂപരേഖയും റെഡിയായിരുന്നു. അന്ന് പോസ്റ്രോഫീസ് താത്ക്കാലികമായി മാറ്റി സ്ഥാപിക്കുക എന്ന പോംവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് വാടക കെട്ടിടത്തിൽ അഭയം തേടിയത്. എന്നാൽ വർഷങ്ങൾ കടന്ന് പോയിട്ടും പുതിയ കെട്ടിടം നിർമ്മിക്കാൻ തപാൽ വകുപ്പ് നടപടികളൊന്നും തന്നെ സ്വീകരിച്ചില്ല. മുൻപ് പോസ്റ്റൽ ടെലികോം വകുപ്പുകൾ ഒന്നായിരുന്ന സമയത്ത് കുന്നിക്കോട് ജംഗ്ഷനിൽ ഏറ്റെടുത്ത അര ഏക്കർ സ്ഥലത്താണ് പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇതിൽ നിന്ന് 20 സെന്റ് സ്ഥലം ബി.എസ്.എൻ.എൽ ഓഫീസിന് വിട്ട് നൽകി. ബാക്കിയുള്ള സ്ഥലമാണ് ഇപ്പോൾ തപാൽ വകുപ്പിനുള്ളത്.
തപാൽ വകുപ്പ് നഷ്ടത്തിൽ
നിലവിൽ തപാൽ വകുപ്പ് നഷ്ടത്തിലായതിനാൽ കേന്ദ്ര സർക്കാർ കഴിഞ്ഞ 4 വർഷത്തിലധികമായി പോസ്റ്രോഫീസുകൾ പുതിയതായി നിർമ്മിക്കാനോ, പുതുക്കി പണിയാനോ സംസ്ഥാന സർക്കിളിന് ഫണ്ട് നൽകുന്നില്ല. എങ്കിലും അധികൃതരുടെ ഇടപെടലിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചതായും തപാൽ വകുപ്പ് എൻജിനിയറിംഗ് വിഭാഗം പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കി പത്തനംത്തിട്ട പോസ്റ്റൽ സൂപ്രണ്ടിന് നൽകിയിട്ടുണ്ടെന്നുമാണ് വിവരം.