കരുനാഗപ്പള്ളി: നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തള്ളുന്നതിനായി സിന്തറ്റിക് ടാങ്കിൽ നിറച്ച് മിനിലോറിയിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം വാഹനത്തോടെ നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ഇന്നലെ രാവിലെ 8 മണിയോടയാണ് മാലിന്യലും കയറ്റി കൊണ്ട് വന്ന വാഹനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് പിടിച്ചെടുത്തത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മിനിലോറി വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വർഷങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്ന പ്രൈവറ്റ് ബാസ് സ്റ്റാൻഡ് നിലവിൽ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. ഇത് രണ്ടാം തവണയാണ് ഈ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുന്നത്.