എഴുകോൺ: പുളിയറ കടമാൻക്കോണം വയൽ ഏല വെള്ളക്കെട്ടിൽ. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇവിടെ കൃഷി ഇറക്കാൻ കഴിയാതെ നശിച്ച് കൊണ്ടിരിക്കുകയാണ്. ഏലയുടെ പ്രധാന ജല സ്രോതസായ കോളന്നൂർ മൂഴി തോടിന്റെ നവീകരണത്തോടെയാണ് ഏല വെള്ളകെട്ടിലായത്. തോടിന്റെ സംരക്ഷണ ഭിത്തി ഉയർത്തി കെട്ടുകയും മണ്ണൊലിപ്പ് തടയാൻ തോടിന് കുറുകെ ചെറിയ ബണ്ടുകൾ കെട്ടുകയും ചെയ്തതോടെ തോടിന്റെ ആഴം കുറഞ്ഞതാണ് വയലുകൾ വെള്ളത്തിലാവാൻ കാരണം. ആഴം ഉണ്ടായിരുന്ന തോട്ടിൽ മണ്ണ് അടിഞ്ഞ് കൂടിയതോടെ നിലവിൽ തോട് വയൽ നിരപ്പിൽ നിന്ന് ഉയർന്ന് വെള്ളം വയലിലേക്ക് കയറുന്ന സ്ഥിതിയാണ്. 200 ഹെക്ടറോളം നെൽവയലുകളാണ് ചതുപ്പ് ഭൂമിയായി മാറിയത്. വേണ്ടത്ര പഠനം നടത്താതെയാണ് പത്ത് വർഷം മുൻപ് തോട് ഭിത്തികെട്ടി നവീകരിച്ചതെന്ന് കർഷകർ പറയുന്നു.
ഇറിഗേഷൻ വകുപ്പ് ഇടപെടണം
കടമാൻക്കോണം കർഷക സമിതി പലതവണ പഞ്ചായത്ത് അധികൃതർക്കും കൃഷി ഭവൻ ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഏലായിൽ നെൽ കൃഷി ആരംഭിക്കാൻ എഴുകോൺ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകർ തയ്യാറായെങ്കിലും നടന്നില്ല. കൃഷി ഭവൻ ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിൽ അപ്പൂപ്പൻ കാവ് മുതൽ തോടിന്റെ ആഴം കൂട്ടിയാൽ മാത്രമേ ഏല ഇനി കൃഷി യോഗ്യമാകുകയുള്ളു എന്ന് കണ്ടതിനെ തുടർന്ന് കർഷകർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കൃഷി വകുപ്പിൽ നിന്ന് ലഭിക്കുന്ന ഫണ്ട് കൊണ്ട് പദ്ധതി നടപ്പാക്കാൻ കഴിയില്ല. ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ മാത്രമേ തോട് ആഴം കൂട്ടാൻ കഴിയുകയുള്ളൂ എന്നാണ് കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ വാദം.
പഞ്ചായത്തിലെ പല ഏലകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി പരാതി ലഭിച്ചിട്ടുണ്ട്. അതാത് വകുപ്പുകളുമായി സഹകരിച്ച് പ്രശ്ന പരിഹാരം കാണും.
അഡ്വ. രതീഷ് കിളിത്തട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് എഴുകോൺ