കൊല്ലം: കൊവിഡിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ ആയുധിന്റെ നേതൃത്വത്തിൽ രാജ്യത്താകെ ഓൺലൈൻ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു.
കൊവിഡ് കിടക്കകൾ, ഡോക്ടർമാർ, ഓക്‌സിജൻ ലഭ്യത, മരുന്നുകൾ, രക്തം, ആംബുലൻസ് ഡ്രൈവർമാർ എന്നിവയുടെ ലഭ്യതയും സൗജന്യ ടെലി കൺസൾട്ടേഷനുമാണ് ലഭിക്കുക. മനസിക സമ്മർദ്ദം കുറയ്ക്കാൻ ഓൺലൈൻ മെഡിറ്റേഷൻ ക്യാമ്പുകളും യോഗ ക്ലാസുകളും സംഘടിപ്പിക്കും. രാവിലെ ആറ് മുതൽ രാത്രി പത്തുവരെയാണ് സേവനം. വാക്‌സിൻ രജിസ്‌ട്രേഷൻ, രോഗ പ്രതിരോധം, ചികിത്സാ രീതികൾ തുടങ്ങി അനുബന്ധ മാർഗനിർദ്ദേശങ്ങളും ലഭിക്കും.
കൊച്ചിയിലെ അമൃത ആശുപത്രിയിലെയും മറ്റ് പ്രമുഖ ആശുപത്രികളിലെയും ഡോക്ടർമാരുടെ സഹകരണത്തോടെ ആയുധിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ തത്സമയ ബോധവത്കരണ പരിപാടികളും നടക്കുമെന്ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു. ഹെൽപ്പ് ഡെസ്‌ക് നമ്പർ: 0476 2805050.