fire-1
ഉമയനല്ലൂർ പട്ടരുമുക്കിൽ കട കത്തിനശിച്ച നിലയിൽ

 എട്ട് ലക്ഷം രൂപയുടെ നഷ്ടം

കൊല്ലം: കൊട്ടിയം ഉമയനല്ലൂർ പട്ടരുമുക്കിൽ കട കത്തിനശിച്ചു. ഉമയനല്ലൂർ സജിന മൻസിലിൽ സക്കീർ ഹുസൈന്റെ കടയ്ക്കാണ് ഇന്നലെ പുലർച്ച അഞ്ച് മണിയോടെ തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് പ്രാഥമിക നിഗമനം. പലചരക്ക്, ബേക്കറി സാധനങ്ങൾ എന്നിവ വിൽക്കുന്ന മൂന്ന് മുറികളായി തിരിച്ച വലിയ കടമുറിക്കാണ് തീപിടിച്ചത്.

ഇന്നലെ പുലർച്ചെ സമീപത്തുള്ള ഇറച്ചിക്കടയിലെത്തിയവരാണ് കടയിൽ നിന്ന് പുകയുയരുന്നത് ആദ്യം കണ്ടത്. അവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കടയുടമ ഷട്ടർ ഉയർത്തിയപ്പോഴേക്കും അലമാരയ്ക്കും ഫർണിച്ചറുകൾക്കും തീപിടിച്ചിരുന്നു. അഗ്നിശമന സേനയെ വിവരമറിയിച്ച ശേഷം നാട്ടുകാർ ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കടപ്പാക്കടയിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റെത്തി ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീകെടുത്തിയത്. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.