കൊട്ടാരക്കര: പുലമൺ ഗോവിന്ദമംഗലം റോഡിൽ മാർത്തോമ്മാപള്ളിക്ക് സമീപ പ്രദേശങ്ങളിൽ കൊട്ടാരക്കര ഇലക്ട്രിക്കൽ ഫീഡറിൽ നിന്ന് വൈദ്യുതി വിതരണം ചെയ്യണമെന്ന് പുലമൺ റെയിൻബോ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുൻപ് ഈ പ്രദേശത്ത് കൊട്ടാരക്കര ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നായിരുന്നു വൈദ്യുതി വിതരണം ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷമായി പുലമൺ ജംഗ്ഷനിൽ നിന്ന് കേവലം രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള ഗോവിന്ദമംഗലം റോഡിലെ പള്ളി ഭാഗത്ത് കുളക്കട ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുമാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ചെറിയ കാറ്റോ മഴയോ ഉണ്ടായാൽ വൈദ്യുതി
മുടക്കം ഇവിടെ പതിവാണ്. ഈ ദുരവസ്ഥ പരിഹരിക്കാനാണ് കുളക്കട ഫീഡറിൽ നിന്ന് വൈദ്യുതി വിതരണം കൊട്ടാരക്കര ഫീഡറിലേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് നിവേദനം അസോസിയേഷൻ പ്രസിഡന്റ് എം.രാജൻ, സെക്രട്ടറി പി.ജോൺ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന് സമർപ്പിച്ചു.