photo

കൊല്ലം: മൺറോത്തുരുത്ത് കിടപ്രം മലയിൽക്കടവ് ബോട്ടുജെട്ടിക്ക് സമീപത്തുള്ള കണ്ടൽക്കാടിലും ചതുപ്പിലുമായ് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോട എക്സൈസ് സംഘം കണ്ടെടുത്തു. വലിയ ബാരലുകളിലും കന്നാസുകളിലും ബക്കറ്റുകളിലും നിറച്ച് പൊന്തക്കാടുകളിൽ ഒളിപ്പിച്ചിരുന്ന കോട കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കണ്ടെത്തിയത്.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചതുപ്പും വെള്ളക്കെട്ടും മൂലം ഈ സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയില്ല. രണ്ടും മൂന്നും കടത്ത് കടന്നുവേണം ഇവിടെയെത്താൻ. കോട സംഭരിച്ച വ്യാജവാറ്റ് സംഘത്തിനായി അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർമാരായ എ. രാജു, രതീഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, സന്ദീപ്, അഭിജിത്ത്, ഡ്രൈവർ ദിലീപ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.