ഓയൂർ: മേൽക്കൂര തകർന്ന് മഴയിൽ ചോർന്നൊലിച്ച് ഏത് നിമിഷവും നിലംപൊത്താറായ വീട്ടിൽ അന്തിയുറങ്ങിയ കുടുംബത്തിന് താത്ക്കാലിക വീടൊരുക്കി സേവാഭാരതി വെളിനല്ലൂർ പഞ്ചായത്ത് സമിതി. മീയന കളരിവീട്ടിൽ വിജയൻപിള്ളയുടെ കുടുംബത്തിനാണ് ഏഴ് ദിവസത്തെ പരിശ്രമം കൊണ്ട് സേവാഭാരതി പ്രവർത്തകർ വീടൊരുക്കിയത്.. അമ്മയും രണ്ടു കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് ദുരിതത്തിൽ കഴിഞ്ഞിരുന്നത്.
താത്ക്കാലിക വസതിയുടെ താക്കോൽദാന ചടങ്ങ് രാഷ്ട്രീയ സ്വയംസേവക് സംഘ് ഓയൂർ ഖണ്ഡ് സംഘചാലക് എസ്. രാധാകൃഷ്‌ണൻ നിർവഹിച്ചു. ചടങ്ങിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എൻ. സജികുമാർ, ഖണ്ഡ് സമ്പർക്ക പ്രമുഖ് എസ്. ബിച്ചു, സേവാഭാരതി വെളിനല്ലൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്.ആർ.സന്തോഷ്, സെക്രട്ടറി എസ്. ബിജു, വിജയൻ, കൃഷ്ണകുമാർ, എസ്. അംബരീഷ്, ആർ. രാഹുൽ എന്നിവർ പങ്കെടുത്തു.