ശാസ്താംകോട്ട: ഇത്തവണയും സ്കൂളുകൾ തുറക്കാതായതോടെ സ്കൂൾ ബസ് ജീവനക്കാരുടെ ജീവിതം ദുരിതത്തിൽ. കൊവിഡിന്റെ ആദ്യ വരവിന് ആഴ്ചകൾക്കു മുന്നേ സ്കൂൾ അടച്ചതോടെ ഷെഡിൽ കയറിയ വാഹനങ്ങൾ പിന്നീട് ഇതുവരെ ഓടിയിട്ടില്ല. തുച്ഛമായ വേതനത്തിനാണ് ഇവർ ജോലി ചെയ്തിരുന്നത്. മിക്കവരും കുടുംബത്തിന്റെ അത്താണികളായ അമ്പതിന് മുകളിൽ പ്രായമുള്ളവരുമാണ്. 2020 മാർച്ച് പകുതിയോടെ സ്കൂൾ അടഞ്ഞതിനാൽ മാർച്ച് മാസത്തിലെ വേതനം പോലും പലർക്കും ലഭിച്ചിട്ടില്ല. 4000 മുതൽ 7000 വരെ മാത്രമാണ് ഇവർക്ക് കിട്ടിയിരുന്ന വേതനം. സർക്കാർ സ്കൂളുകളിൽ അദ്ധ്യാപകരുടെ ഔദാര്യത്തിലും കുട്ടികളിൽ നിന്ന് പിരിച്ചെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ നിന്നുമാണ് ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. സ്വകാര്യ സ്കൂളുകൾക്ക് കുട്ടികളിൽ നിന്ന് പ്രത്യേകമായി ബസ് ഫീസ് പിരിച്ചെടുക്കുന്നുണ്ടായിരുന്നു. സ്വകാര്യ സ്കൂളുകൾക്ക് ഓൺലൈൻ ക്ളാസിന്റെ ഫീസ് കിട്ടിയെങ്കിലും ബസ് ഫീസ് കിട്ടാത്തതിനാൽ ബസ് ജീവനക്കാരെ അധികൃതർ കൈയ്യൊഴിഞ്ഞു

ആനുകൂല്യങ്ങളില്ല

സ്കൂളിലെ സ്ഥിരം ജീവനക്കാരല്ലാത്തിനാൽ മറ്റു ആനുകൂല്യങ്ങളും ലഭിക്കില്ല. സർക്കാരിന്റെ ക്ഷേമനിധി ഉൾപ്പെടയുള്ള ആനുകൂല്യങ്ങളും ഇല്ല. ജോലിയില്ലാത്തതിനാൽ പലിശയ്ക്ക് പോലും പണം കടം കിട്ടാത്ത സ്ഥിതിയാണ് മിക്ക തൊഴിലാളികൾക്കും. സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റുകൾ മാത്രമാണ് ഏക ആശ്രയം. ദൈനംദിന ചെലവകൾക്കും പോലും മാർഗമില്ലാതെ ദുരിതത്തിലായ ആയിരക്കണക്കിന് സ്കൂൾ ബസ് തൊഴിലാളികളുടെ കാര്യത്തിൽ സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.


തൊഴിൽ നഷ്ടപ്പെട്ട സ്കൂൾ ബസ് ജീവനക്കാർക്ക് സർക്കാർ അടിയന്തര സഹായം ലഭ്യമാക്കണം.

മുമ്പ് പല തവണ നിവേദനം നൽകിയെങ്കിലും സർക്കാർ പരിഗണിച്ചില്ല"

രാജീവൻ

ചവറ സബ് ജില്ലാ പ്രസിഡന്റ്

കേരളാ സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ.


"മറ്റുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി വളയം പിടിച്ചിരുന്ന ഞങ്ങൾക്ക് സ്വന്തം മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കാൻ പോലും കഴിയുന്നില്ല."

അബ്ദുൽ അസീസ്

(സ്കൂൾ ബസ് ജീവനക്കാരൻ )

കുളവയലിൽ ,വേങ്ങ