c

കൊല്ലം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ 'സാന്ത്വന നാദം' പദ്ധതി നടപ്പാക്കി. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ടെലി മെഡിസിൻ, ടെലി കൺസൾട്ടേഷൻ സേവനങ്ങൾ തുടങ്ങിയവ സൗജന്യമായി നൽകുകയാണ് ലക്ഷ്യം. പഞ്ചായത്ത് പരിധിയിലെ സേവന സന്നദ്ധരായ 26ഓളം ആരോഗ്യപ്രവർത്തകർ ഉൾപ്പെട്ട ആറ് സംഘങ്ങളാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ ടീമിലും രണ്ട് വീതം ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.

ഒരു ടീമിന് നാലു വാർഡുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഇവരെ ബന്ധപ്പെടേണ്ട ഫോൺ നമ്പർ അതത് വാർഡിലെ ആശാവർക്കർമാർ മുഖേനെ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് നൽകിയിട്ടുണ്ട്. ഡോക്ടറോട് സംസാരിച്ച് ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള ആശങ്ക അകറ്റാനും മരുന്നുകൾക്കും സാന്ത്വന നാദം പദ്ധതി പ്രയോജനപ്പെടുത്താം. രോഗികളെ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി കൈക്കൊള്ളാൻ പദ്ധതിവഴി സാധിക്കുമെന്ന് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അറിയിച്ചു.