കൊല്ലം: കൈകൾ തയ്യൽ മെഷീനിൽ അങ്ങോട്ടും ഇങ്ങോട്ടും താളാത്മകമായി ചലിക്കുമ്പോൾ മനസിൽ പക്ഷേ, കവിതയുടെ വരികളാകും അൻസാരി ബഷീർ നെയ്ത് തുടങ്ങിയിട്ടുണ്ടാവുക. ഈ വരികൾ മറന്നു പോകാതിരിക്കാനായി ഉടൻ തന്നെ, ചുരിദാറിന്റെ അളവുകൾ കുറിച്ചു വച്ചിട്ടുള്ള പേപ്പറിന്റെ ഒരറ്റത്ത് അവ്യക്തമായി കോറിയിടും. ജോലിത്തിരക്ക് കഴിഞ്ഞാൽ ആ കുത്തിക്കുറിച്ചതൊക്കെ വെട്ടിയും തിരുത്തിയും ഒന്നുകൂടി മാറ്റിയെഴുതിയുമൊക്കെ ഇരുത്തം വന്നൊരു കവിതയായി രൂപാന്തരപ്പെടുത്തും. ഇങ്ങനെ തുന്നലിനിടെ തന്റെ പണി തീരാത്ത വീട്ടിലിരുന്ന് അൻസാരി എഴുതിക്കൂട്ടിയ കവിതകൾക്ക് എണ്ണമില്ല.
പക്ഷേ, കൊട്ടിയം പറക്കുളം പൊൻവയലിലെ വീട്ടിലിരുന്ന് താൻ എഴുതിയുണ്ടാക്കിയ കവിതകൾ എല്ലാം ചേർത്തൊരു പുസ്തകമാക്കണമെന്ന സ്വപ്നം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അപ്പോഴും അൻസാരിക്ക് മുന്നിൽ തടസം നിൽക്കുന്നത് ജീവിത പ്രാരാബ്‌ധങ്ങൾ തന്നെ.
ഉമ്മ സാബിറാ ബീവിക്ക് കവിതകളോട് വല്ലാത്ത കമ്പമായിരുന്നു. ഉമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അൻസാരിയും കവിതകളെ സ്നേഹിക്കാൻ തുടങ്ങിയത്. കൊല്ലം കരിക്കോട് ടി.കെ.എം കോളേജിൽ പഠിക്കുന്നതിനിടെ ജീവിതം രണ്ടറ്റം മുട്ടിക്കുന്നതിനായി അൻസാരി പ്രവാസ ലോകത്തേക്ക് ചേക്കേറി. മണലാരണ്യത്തിലെ കഷ്ടപ്പാടുകൾക്ക് നടുവിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ അൻസാരിയുടെ മനസിലെ കവിതകൾ തൽക്കാലത്തേക്കെങ്കിലും നിർജ്ജീവമായി. പക്ഷേ, വെറും കൈയോടെ തിരികെ നാട്ടിലേക്ക് വിമാനം കയറേണ്ടി വന്നു. പിന്നീടാണ് തുന്നൽ തൊഴിലാക്കാൻ തീരുമാനിച്ചത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ നാട്ടിലെ അറിയപ്പെടുന്ന തുന്നൽക്കാരനായി. ഇതിനിടെയാണ് കവിതകൾ എഴുതിത്തുടങ്ങിയത്. മകൾ അസ്‌ന അൻസാരി എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ പങ്കെടുക്കാനായി അൻസാരി ഒരു കവിത എഴുതി നൽകി. ഏറെനാളുകൾക്ക് ശേഷമെഴുതിയ ഈ കവിത ചൊല്ലി അസ്‌ന രണ്ടാം സ്ഥാനം നേടി. പിന്നെ പഴയതിലും ഊർജ്ജത്തോടെ കവിതകളെഴുതാൻ തുടങ്ങി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചിലതൊക്കെ അച്ചടിച്ചുവന്നു. ഇടയ്ക്കിടെ വഴിയോര കച്ചവടത്തിനും വാഹനങ്ങളിൽ വീട്ടുസാധനങ്ങളുടെ വിൽപനയ്ക്കും ബാംബു കർട്ടൻ ഓർഡർ എടുത്ത് ഫിറ്റ് ചെയ്യുന്ന ജോലികൾക്കും പോകും. ജോലിയ്ക്കിടയിലും അൻസാരി കവിതകൾ ചൊല്ലും. കൂടെയുള്ളവർക്കെല്ലാം അത് ഇഷ്ടവുമാണ്. മുമ്പ് സിനിമയിലും സീരിയലുകളിലുമൊക്കെ മുഖംകാണിച്ചു.
ആകാശവാണിയിലെ യുവവാണിയിലും നിരവധി ക്ഷണിക്കപ്പെട്ട വേദികളിലും അൻസാരിക്ക് കവിയെന്ന തരത്തിൽ അവസരങ്ങൾ ലഭിച്ചു. 'ഹിന്ദുവാകുന്നു ഞാൻ'എന്ന കവിത ഏറെ ചർച്ച ചെയ്യപ്പെട്ടു. അതേപേരിൽ കവിതാപുസ്തകം ഇറക്കണമെന്ന ചിന്തയോടെയാണ് ഇപ്പോൾ തുന്നലിന്റെ വേഗത കൂട്ടിയിട്ടുള്ളത്. ഏത് വിഷയം കിട്ടിയാലും അതേപ്പറ്റി പഠിച്ച് കാവ്യഭംഗി ചേർത്തുവയ്ക്കുന്ന അൻസാരിയുടെ രചനാശൈലി ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെടുകയാണ്. ഭാര്യ നജീബയും മക്കളായ അസ്‌നയും അദിനും പൂർണ പിന്തുണയും പ്രോത്സാഹനവുമായി കൂടെയുണ്ട്.