con

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സംസ്ഥാന കൊവിഡ് കൺട്രോൾ റൂം 500 ദിവസം പൂർത്തിയാക്കി. സംസ്ഥാനത്തെ ആദ്യ കൊവിഡ്‌ കേസ് റിപ്പോർട്ട് ചെയ്തത്‌ മാർച്ചിലാണെങ്കിലും ജനുവരി 24ന് തന്നെ സംസ്ഥാനത്ത് കൊവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിരുന്നു. അന്നുമുതൽ ഇടവേളകളില്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ചുമതലയിലായിരുന്നു ആരോഗ്യ വകുപ്പ് ജീവനക്കാർ.

ഡോക്ടർമാർ ഉൾപ്പെടെ നൂറോളം ആരോഗ്യ വിദഗ്ദ്ധരാണ് കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കൊവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌കരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന്‌ വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, വൈദ്യസഹായം ലഭ്യമാക്കൽ, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും ലഭ്യത, രോഗ നിരീക്ഷണം, ബോധവൽക്കരണം, പരിശോധനകൾ, വാക്‌സിനേഷൻ തുടങ്ങി കൊവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടെയും ഏകോപനം കൺട്രോൾ റൂമിലാണ് നടക്കുന്നത്.

സർവയലൻസ് ടീം, കോൾ സെന്റർ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആൻഡ്‌ അവയർനസ് ജെനറേഷൻ, മെറ്റീരിയൽ മാനേജ്‌മെന്റ് ടീം, ഇൻഫ്രാസ്ട്രക്ച്ചർ, സാമ്പിൾ ട്രാക്കിംഗ് ടീം, മീഡിയ സർവയലൻസ് ടീം, ഡോക്യുമെന്റേഷൻ ടീം, പ്രൈവറ്റ് ഹോസ്പിറ്റൽ സർവയലൻസ് ടീം തുടങ്ങിയ 18 വിദഗ്ദ്ധ കമ്മിറ്റികളാണ് കൺട്രോൾ റൂമിലുള്ളത്. ഇതേ മാതൃകയിൽ 14 ജില്ലയിലും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുവരുന്നു. ഓരോ ദിവസവും ഈ 18 കമ്മിറ്റികളും ചെയ്ത പ്രവർത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികൾ സ്വീകരിക്കുന്നത്. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ എന്നിവരിൽ ആരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം നടത്തുന്നത്.