collector

കൊല്ലം: മാലിന്യ സംസ്കരണത്തിൽ നഗരസഭ പരാജയമാണെന്ന നിലപാടിൽ നിന്ന് പിന്മാറാതെ ജില്ലാ കളക്ടർ. രണ്ട് ദിവസം മുമ്പ് കളക്ടർ അദ്ധ്യക്ഷനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് അതേപടി നടപ്പാക്കാനാണ് തീരുമാനം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊല്ലം തഹസീൽദാർ ഇന്ന് മുതൽ നഗരത്തിലെ മാലിന്യ സംസ്കരണത്തിന്റെ ചുമതലയേറ്റെടുക്കും.

രാവിലെ ഏഴ് മണിക്ക് ശേഷം നഗരപരിധിയിൽ മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടാൽ തഹസിൽദാർ ഇക്കാര്യം നഗരസഭാ സെക്രട്ടറിയെ ഫോൺ മുഖാന്തിരമോ ഇ - മെയിൽ വഴിയോ അറിയിക്കണം. രണ്ട് മണിക്കൂറിനുള്ളിൽ നഗരസഭ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ നഗരസഭയുടേത് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യണം.ഇതിന് ചെലവാകുന്ന തുക നഗരസഭാ ജീവനക്കാരിൽ നിന്ന് ഈടാക്കണം. എന്നിങ്ങനെയാണ് ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം മേയർ രംഗത്തെത്തിയിരുന്നു. നഗരത്തിൽ കളക്ടർ പറയുന്നതുപോലെ മാലിന്യക്കൂമ്പാരം ഇല്ലെന്നും നഗരസഭയുടെ അധികാരത്തിൽ കൈകടത്താൻ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്നുമായിരുന്നു മേയറുടെ നിലപാട്. നഗരസഭാധികൃതർ എതിർപ്പുയർത്തിയിട്ടും ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നടപ്പിലാക്കുമെന്ന നിലപാടിൽ തന്നെയാണ് കളക്ടർ.

പ്രത്യേക സംഘം രൂപീകരിച്ചു; തഹസീൽദാർ അവധിയിലേക്ക്

നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്താൻ തഹസിൽദാർ ശുചിത്വമിഷൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചു. ഇന്ന് രാവിലെ നഗരവഴികളിലൂടെ സഞ്ചരിച്ച് മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ നഗരസഭാ സെക്രട്ടറിയെ അറിയിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് എല്ലാ ദിവസവും കളക്ടർ തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. അതേസമയം, ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊല്ലം തഹസിൽദാർ അവധിയിൽ പ്രവേശിച്ചതായാണ് അറിവ്.

'' കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ചെയ്യേണ്ടവർ ചെയ്യാതിരിക്കുമ്പോൾ മറ്റാർക്കെങ്കിലും ചുമതല നൽകേണ്ടിവരും. ഉത്തരവ് പിൻവലിക്കാൻ ഹൈക്കോടതിയോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോ ഇടപെടണം.''

ബി. അബ്ദുൽ നാസർ (ജില്ലാ കളക്ടർ)