തെന്മല - കടമ്പാട്ടുകോണം അലൈൻമെന്റിന് അംഗീകാരം
കൊല്ലം: തെന്മല - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരം. എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം - തിരുമംഗലം നാഷണൽ ഹൈവേ 744ന് സമാന്തരമായി തെന്മലയിൽ നിന്നാരംഭിച്ച് പത്തടി, ചടയമംഗലം വഴി ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്ത് എത്തിച്ചേരുന്നതാണ് ഗ്രീൻഫീൽഡ് ഹൈവേ. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതോടൊപ്പം കൊല്ലം - തിരുമംഗലം ദേശീയപാത വീതികൂട്ടി ആധുനിക സുരക്ഷാ സംവിധാനത്തോടെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി രൂപരേഖയ്ക്കും അനുമതി നൽകിയിട്ടുണ്ട്.
ഭാരത്‌മാല പദ്ധതിയിൽ രണ്ട് റോഡുകൾ
ഭാരത്‌മാല പദ്ധതിയിൽ പുതുതായി നിർമ്മിക്കുന്ന തിരുവനന്തപുരം - കൊട്ടാരക്കര - അങ്കമാലി റോഡിന്റെ ഭാഗമായി ജില്ലയിൽ മാങ്കോട് - ചിങ്ങോലി - തുടയൂർ - മണ്ണൂർ - കരുകോൺ - ആലഞ്ചേരി - അയണിമൂട് - വെഞ്ചേമ്പ് വഴിയാണ് പത്തനാപുരത്തേയ്ക്ക് റോഡ് രൂപ കല്പന ചെയ്തിട്ടുള്ളത്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഉത്തരവായി. ഈ റോഡ് ചാത്തന്നൂർ - മീനാട് വില്ലേജിലെ ദേശീയപാതയുമായി ബന്ധിപ്പിക്കും. ഇതിനായി ലിങ്ക് റോഡ് നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇരുറോഡുകളും ജനവാസം കുറഞ്ഞ ഗ്രീൻ കോറിഡോറിലൂടെയാണ് കടന്നുപോകുന്നത്.
മറ്റ് നടപടികൾ
ദേശീയപാത 183ൽ കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷൻ - തേവള്ളി - മതിലിൽ - അഞ്ചാലുംമൂട് - കുണ്ടറ - ഭരണിക്കാവ് വഴിയുള്ള റോഡ് പുനരുദ്ധാരണത്തിന് കൺസൾട്ടൻസിയെ നിയോഗിച്ചു
കൊല്ലം ബൈപ്പാസ് നാലുവരിയാക്കാനും ദേശീയപാത 66ന്റെ സമഗ്ര വികസന പദ്ധതി രേഖ തയ്യാറാക്കലും അന്തിമഘട്ടത്തിൽ
''
കേന്ദ്രസർക്കാരിൽ നിവേദനം നൽകുകയും മന്ത്രി നിതിൻ ഗഡ്കരിയുമായി നിരവധി തവണ ചർച്ച നടത്തുകയും ചെയ്തതിനെ തുടർന്നാണ് അലൈൻമെന്റിന് അംഗീകാരം ലഭിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി