കൊല്ലം: അഷ്ടമുടി കായലിൽ മാലിന്യനിക്ഷേപം രൂക്ഷമായതോടെ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷനംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. പരിസ്ഥിതി ദിനത്തിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച 'കണ്ണീരോളങ്ങളിൽ അഷ്ടമുടി കായൽ' എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. മാലിന്യ നിക്ഷേപം തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ, മാലിന്യ നീക്കം, കായൽ സംരക്ഷണം എന്നിവയെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംരക്ഷിത നീർത്തട പട്ടികയിൽ ഇടം നേടിയിട്ടും അഷ്ടമുടി കായലിനെ സംരക്ഷിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് 'കേരളകൗമുദി' വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു.