photo
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം

പുതിയ കെട്ടിട സമുച്ചയം ഫയലിൽ ഉറങ്ങുന്നു

കൊല്ലം: പുതിയ അദ്ധ്യയന വർഷം തുടങ്ങിയപ്പോഴും കൊട്ടാരക്കരയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിമിതികൾക്ക് നടുവിൽ. കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലുള്ള ഓടിട്ട കെട്ടിടത്തിലാണ് ഇപ്പോൾ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടവും തകർച്ചയിലാണ്. തീർത്തും ശോചനീയാവസ്ഥയിലായ കെട്ടിടം പെയിന്റടിച്ച് മോടി കൂട്ടിയാണ് ഇപ്പോൾ നിലനിറുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ ബലക്ഷയം മാറ്റാൻ നടപടി ഉണ്ടായതുമില്ല.

വിദ്യാഭ്യാസ ഓഫീസ് സമുച്ചയം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ളവർ എത്തിച്ചേരുന്ന വിദ്യാഭ്യാസ ഓഫീസുകൾക്കാണ് ഈ ഗതികേട്. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ഭീതിയുണ്ട്. പാഠപുസ്തക വിതരണ ഡിപ്പോകളും അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണ്. ഈ ദുരിതാവസ്ഥകൾ ബോദ്ധ്യപ്പെട്ട് കൊട്ടാരക്കരയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഇനി ഒരുകുടക്കീഴിലാക്കാനായി വിദ്യാഭ്യാസ ഓഫീസ് സമുച്ചയം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നാളിതുവരെ തുടർ നടപടികൾ ആയിട്ടില്ല.

തുടർ നടപടിയില്ല

കൊല്ലം- തിരുമംഗലം ദേശീയപാതയ്ക്ക് അഭിമുഖമായിട്ടാണ് വിദ്യാഭ്യാസ ഓഫീസ് സമുച്ചയം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. മുൻ സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ ഇതിനായി അനുവദിച്ചതുമാണ്. അഞ്ചുകോടി രൂപ അടങ്കൽ കണക്കാക്കുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. അടങ്കൽ തുകയ്ക്ക് ആനുപാതികമായി എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടികൾക്കായി സമർപ്പിച്ചുവെങ്കിലും തുടർ നടപടിയായില്ല. ഡി.ഇ.ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം(ഡയറ്റ്), പാഠപുസ്തക വിതരണ ഡിപ്പോ എന്നിവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം സമുച്ചയത്തിലുണ്ടാകും.