പുത്തൂർ: രണ്ട് പതിറ്റാണ്ടുകാലത്തെ ഏകാന്തവാസത്തിൽ നിന്ന് ഗംഗാധരൻ പിള്ളയ്ക്ക് മോചനം. ഇനി പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന്റെ സ്നേഹത്തണലിലേക്ക്. ഏറത്തുകുളക്കട പ്ളാവറ കിഴക്കതിൽ ഗംഗാധരൻ പിള്ളയെയാണ്(70) കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാറും ഗ്രാമപഞ്ചായത്തംഗം സന്ധ്യ.എസ്.നായരും സായന്തനത്തിൽ എത്തിച്ചത്. ഇരുപത് വർഷത്തിലധികമായി ഗംഗാധരൻ പിള്ള ബന്ധുക്കളുമായി പിണങ്ങി വാടക വീട്ടിലാണ് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെ ജോലിയ്ക്കൊന്നും പോകാൻ പറ്റാതെ വന്നു. പട്ടിണിയും ദുരിതങ്ങളുമായി കഴിയുമ്പോഴാണ് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുത്തൂർ സായന്തനം ഗാന്ധിഭവനിൽ ഗംഗാധരൻ പിള്ളയെ ഏറ്റെടുക്കാൻ തീരുമാനിച്ചത്. സായന്തനം മാനേജർ ജി.രവീന്ദ്രൻ പിള്ള, കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, സി.ശിശുപാലൻ, ജയശ്രീ എന്നിവർ ചേർന്ന് പഞ്ചായത്ത് അധികൃതരിൽ നിന്നും ഗംഗാധരൻ പിള്ളയെ ഏറ്റെടുത്തു.