പുത്തൂർ: നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ പുല്ലാമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യം ഒരുക്കിയിട്ടും ഉദ്ഘാടനമായില്ല. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ മുടക്കി ആരോഗ്യ കേന്ദ്രത്തിൽ കെട്ടിടമടക്കം നിർമ്മിച്ചപ്പോഴാണ് ലാബ് തുടങ്ങാനായും മുറികളൊരുക്കിയത്. വേണ്ട സജ്ജീകരണങ്ങളെല്ലാം തയ്യാറാക്കി. എൻ.ആർ.എച്ച്.എം വഴി അനുവദിച്ച രണ്ട് ലക്ഷം രൂപ മുടക്കി ലാബിലേക്ക് വേണ്ടുന്ന ഉപകരണങ്ങളെല്ലാം വാങ്ങി. ഇതെല്ലാം ഉപയോഗമില്ലാതെ നശിക്കാൻ തുടങ്ങി. കെമിക്കൽ ഇനങ്ങൾ കൂടി എത്തിയാൽ ലാബ് പ്രവർത്തിപ്പിക്കാമെന്നാണ് മാസങ്ങൾക്ക് മുൻപ് ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചത്. എന്നാൽ ഇതിനായി തുടർ നടപടികൾ ഉണ്ടായില്ല. ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളെ സ്വകാര്യ ലാബുകളിൽ അയച്ചാണ് പരിശോധനകൾ നടത്തുന്നത്. സൗജന്യ ചികിത്സ ഉറപ്പാക്കുമ്പോഴും ഈ വഴിയിൽ രോഗികൾക്ക് പണം നഷ്ടപ്പെടുകയാണ്. പഞ്ചായത്ത് അവതരിപ്പിച്ച ബഡ്ജറ്റിലും ലാബുമായി ബന്ധപ്പെട്ട തുക വകയിരുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.