c

കരുനാഗപ്പള്ളി: കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഫാഷൻ ഡിസൈനിംഗ് സാങ്കേതിക വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിൽ. കോഡ് ഒഫ് റെഗുലേഷൻ ഫോർ ഇൻഡസ്ട്രിയൽ സ്കൂൾ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ സ്കൂളുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. തുടച്ചയായുള്ള അടച്ചിടൽ മൂലം സ്ഥാപനങ്ങളുടെ പ്രവർത്തനം അനിശ്ചിതമായി നീളുകയാണ്.

സ്ഥാപനങ്ങൾ അടച്ചിടുന്നതുമൂലം ദുർബല വിഭാഗങ്ങളിലുള്ള യുവതികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. ഫാഷൻ ഡിസൈനിംഗ് കോഴ്സുകൾ കഴിഞ്ഞ് പുറത്തിറങ്ങുന്നവർ സ്വയംതൊഴിൽ കണ്ടെത്താറാണ് പതിവ്. നിയന്ത്രണങ്ങൾക്ക് വിധേയമായി ഫാഷൻ ഡിസൈനിംഗ് സെന്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ അനുവാദം നൽകണമെന്നാണ് സ്ഥാപന ഉടമകളുടെ പ്രധാന ആവശ്യം.

അടച്ചുപൂട്ടൽ ഭീഷണി

കെട്ടിട വാടക, കറണ്ട് ചാർജ്, ഭീമമായ നടത്തിപ്പ് ചെലവ് തുടങ്ങിയവ താങ്ങാനാകാതെ കരുനാഗപ്പള്ളിയിലെ മിക്ക ഫാഷൻ ഡിസൈനിംഗ് സെന്ററുകളും അടച്ച് പൂട്ടൽ ഭീഷണി നേരിടുകയാണ്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് പ്രവർത്തിച്ചിരുന്ന മിക്ക സ്ഥാപനങ്ങളും നിലവിൽ ജപ്തി ഭീഷണിയിലാണ്. ആദ്യ കൊവിഡ് തരംഗത്തിൽ നിന്ന് സംസ്ഥാനം മോചനം നേടി സ്ഥാപനങ്ങൾ തുടക്കാൻ കഴിയുമെന്ന അവസ്ഥ വന്നപ്പോഴാണ് രണ്ടാംതരംഗം ഇടിത്തീപോലെ സ്ഥാപനങ്ങളുടെ മേൽ പതിക്കുന്നത്.

പ്രവൃത്തി പരിചയം അനിവാര്യം

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ്സ് ടെക്നോളജി കോഴ്സിന് പ്രവൃത്തി പരിചയം അനിവാര്യമാണ്. ഇത്തരം സ്ഥാപനങ്ങളിൽ പ്രാക്ടിക്കലിനാണ് മുഖ്യപരിഗണന നൽകുന്നത്. രൂപകല്പന, അലങ്കാരം, നിർമ്മാണം, വിപണനം എന്നീ മേഖലകളിൽ മികച്ച പരിശീലനം ലഭ്യമാക്കുകയെന്നതാണ് ഈ കോഴ്സിന്റെ പ്രധാന പ്രത്യേകത. ഈ മേഖലയിൽ ഓൺലൈൻ പരിശീലനം നൽകുകയെന്നത് തീർത്തും അപ്രായോഗികമാണ്.

പ്രതിസന്ധി നേരിടുന്ന സെന്ററുകൾക്ക് ടീച്ചിംഗ് ഗ്രാന്റ്, മെയിന്റനൻസ് ഗ്രാന്റ്, താത്കാലികമായ സാമ്പത്തിക സഹായം എന്നിവ നൽകണം

ഇൻഡസ്ട്രിയൽ സ്കൂളുകളുടെ ഉടമകൾ