ചവറ :ചവറ ഗ്രാമ പഞ്ചായത്തിലെ നല്ലെഴുത്ത് മുക്ക്, തട്ടാശേരി ഭാഗങ്ങളിലെ ജനങ്ങൾ ഒരാഴ്ചയായി കുടിവെള്ളമില്ലാതെ വലയുന്നു. ശാസ്താംകോട്ട തടാകത്തിൽ നിന്ന് പമ്പ് ചെയ്യുന്ന ജലമാണ് ഇവിടങ്ങളിൽ കുടിവെള്ളത്തിനായി ലഭിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ പമ്പിംഗ് കൃത്യമായി നടന്നുവരുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായാണ് പമ്പിംഗ് പൂർണമായും നിലച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിൽ കുടിവെള്ളംകൂടി മുട്ടിയതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. കെ.എം.എം.എൽ ഫാക്ടറിയുടെ പരിസരപ്രദേശങ്ങളായതിനാൽ ഇവിടത്തെ കിണർവെള്ളം പാചകയോഗ്യമല്ല. ജലനിധി പദ്ധതി വഴിയാണ് ഇവിടങ്ങളിൽ ജലവിതരണം നടത്തുന്നത്. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.