ചാത്തന്നൂർ: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ചാത്തന്നൂർ താഴം മിഡിൽ വിളയിൽ വീട്ടിൽ റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ കുഞ്ഞുകൃഷ്ണന്റെയും റിട്ട. അദ്ധ്യാപിക ലീലയുടെയും മകൻ അരുണാണ് (41) മരിച്ചത്.
ഞായറാഴ്ച ലീലയ്ക്ക് ഡയാലിസിസ് നടത്തിയ ശേഷം അരുണിന്റെ സഹോദരൻ അജിനുമൊത്ത് പരവൂരിലുള്ള ലീലയുടെ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. കുഞ്ഞുകൃഷ്ണൻ വർഷങ്ങളായി കുടുംബവുമായി പിണങ്ങി കഴിയുകയാണ്. അരുൺ കഴിഞ്ഞ ഞായറാഴ്ച മുതൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. തിങ്കളാഴ്ച പകൽ സമീപത്തുള്ള സുഹൃത്തുമായി വീട്ടുമുറ്റത്തിരുന്ന് മദ്യപിച്ചതായും സുഹൃത്തും അരുണുമായി വാക്കേറ്റം നടന്നതായും സമീപ വാസികൾ പറയുന്നു. ചൊവ്വാഴ്ച അരുണിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ലീല അടുത്തുള്ള ഓട്ടോ ഡ്രൈവറോട് വിവരം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെ അരുണിനെ അന്വേഷിച്ച് ഓട്ടോ ഡ്രൈവർ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ചാത്തന്നൂർ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.