ചാത്തന്നൂർ: പ്രഭാതകർമ്മത്തിനായി പബ്ളിക് ടോയ്ലെറ്റിലേക്ക് പോകാനിറങ്ങിയ യുവാവിന് സത്യവാങ്മൂലമില്ലാത്തതിനാൽ നഷ്ടമായത് രണ്ടായിരം രൂപ. എഴിപ്പുറം സ്വദേശിയും പാരിപ്പള്ളി ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറുമായ യുവാവിനാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പാരിപ്പള്ളി പൊലീസിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്.
താമസസ്ഥലത്ത് കക്കൂസ് ഇല്ലാത്തതിനാൽ മുക്കടയിലെ പെട്രോൾ പമ്പിനോട് ചേർന്ന ടോയ്ലെറ്റാണ് യുവാവ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെ ഇവിടേക്ക് ഓട്ടോറിക്ഷയിൽ വന്ന യുവാവിനെ മുക്കട നീരോന്തിയിൽ കശുഅണ്ടി ഫാക്ടറിക്ക് സമീപത്ത് വച്ച് പാരിപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞുനിറുത്തി.
സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോൾ യുവാവ് യാത്രാ ഉദ്ദേശ്യം വ്യക്തമാക്കിയെങ്കിലും അംഗീകരിക്കാൻ കൂട്ടാക്കാതെ എസ്.ഐ വാഹനം കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പരാതിയെ തുടർന്ന് മേലുദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം ആവശ്യപ്പെട്ടിട്ടും മൂന്ന് ദിവസത്തോളം ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ എസ്.ഐ തയ്യാറായില്ല. ഒടുവിൽ ഇന്നലെ രണ്ടായിരം രൂപ പിഴ കൈപ്പറ്റിയ ശേഷമാണ് വാഹനം വിട്ടുനൽകിയത്.
എസ്.ഐയ്ക്കെതിരെ നിരവധി പരാതികൾ
യുവാവിൽ നിന്ന് അകാരണായി പിഴയീടാക്കിയ പാരിപ്പള്ളി സ്റ്രേഷനിലെ എസ്.ഐയ്ക്കെതിരെ സമാനമായ നിരവധി പരാതികളാണ് ലോക്ക് ഡൗൺ കാലത്ത് ഉയരുന്നത്. അപകടത്തിൽ കാലിന് പരിക്കേറ്റ് പ്ലാസ്റ്റർ ധരിച്ച് ഓട്ടോറിക്ഷയിൽ മരുന്ന് വാങ്ങാനെത്തിയ വ്യക്തിയിൽ നിന്നും ഇത്തരത്തിൽ പീഴ ഈടാക്കിയതായി പരാതിയുണ്ട്.
നടപടി സ്വീകരിക്കും: അസി. കമ്മിഷണർ
പ്രാഥമികകൃത്യങ്ങൾക്ക് പോകാനിറങ്ങിയ യുവാവിൽ നിന്ന് പിഴയീടാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി എസ്.ഐയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ചാത്തന്നൂർ അസി. കമ്മിഷണർ വൈ. നിസാമുദ്ദീൻ പറഞ്ഞു. യുവാവ് പറഞ്ഞത് സത്യമാണോയെന്ന് നിരീക്ഷിക്കാൻ സംവിധാനവും സമയവുമുണ്ടായിട്ടും വാഹനം കസ്റ്റഡിയിലെടുത്തതും പിഴയീടാക്കിയതും നീതീകരിക്കാനാകില്ലെന്നും എ.സി.പി. പറഞ്ഞു.