prathy
പ്രതി ദീപു ലാൽ

ഓയൂർ: പൂയപ്പള്ളിയിൽ മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐയെ മർദ്ദിച്ച് സ്റ്റേഷൻ ഉപകരണങ്ങൾ നശിപ്പിച്ചു. പള്ളിമൺകിഴക്കേക്കര കോവിൽ പൂമംഗലം വീട്ടിൽ ദീപു ലാൽ (36) ആണ് ആക്രമണം നടത്തിയത്. സ്റ്റേഷൻ ജി.ഡി ചാർജ് എ.എസ്.ഐ രാജേഷിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ എ.എസ്.ഐയെ കൊട്ടാരക്കര താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച്ച രാത്രി 7ന് പൂയപ്പള്ളി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ മദ്യപിച്ചെത്തിയ രണ്ട് പേർ ബഹളംഉണ്ടാക്കുന്നതായി വിവരംലഭിച്ചതിനെ തുടർന്ന് ദീപുലാലിനെയും ഇയാളുടെ സുഹൃത്ത് ഷൈനുവിനെയും കസ്റ്റഡിയിലെടുത്തു.സ്റ്റേഷനിൽ കൊണ്ടുവന്ന ഇവരെ സന്ദർശക മുറിയിൽ അടച്ചിട്ടു. എന്നാൽ ദീപുലാൽ സ്റ്റേഷനിൽ എത്തിയ സമയം മുതൽ അക്രമസ്വഭാവം കാണിക്കുകയും പൊലീസുകാരെ അസഭ്യംപറയുകയും മുറിയിലുണ്ടായിരുന്ന കസേരഅടിച്ച് പൊട്ടിക്കുകയുംചെയ്തു. തുടർന്ന് മുറിയുടെ ഗ്രില്ല് പൊളിച്ച്പുറത്ത് കടക്കാൻ ശ്രമിച്ച ദീപുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എ.എസ്.ഐയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസുകാർ ചേർന്ന് ദീപുലാലിനെ കീഴ്പ്പെടുത്തി സെല്ലിൽ അടച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ദേഹോപദ്രവമേൽപ്പിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തതായി പൂയപ്പള്ളി എസ്.ഐ ഗോപീചന്ദ്രൻ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.