protest

 മന്ത്രിയെ നേരിൽക്കണ്ട് പരാതിപ്പെട്ടതായി സൂചന


കൊല്ലം: നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് റവന്യു ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ രംഗത്ത്. ഉത്തരവിനെതിരെ സി.പി.ഐ അനുകൂല സംഘടനയായ കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പരിസരത്ത് പോസ്റ്റർ പ്രചാരണം നടത്തി. കളക്ടറുടെ തുഗ്ലക്ക് മോഡൽ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഔദ്യോഗിക ചുമതലകൾക്ക് പുറമെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ആശുപത്രികളിൽ ഓക്സിജൻ ലഭ്യത സംബന്ധിച്ച പരിശോധന, ദുരിതാശ്വാസ കേന്ദ്രങ്ങളുടെ ഏകോപന ചുമതല മുതലായവ നിർവഹിച്ചുവരുന്ന വില്ലേജ് ഓഫീസർമാരിൽ നഗരശുചീകരണത്തിന്റെ ചുമതല കൂടി അടിച്ചേൽപ്പിക്കുന്നത് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലാക്കും. ദുരന്തകാലത്ത് വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനം ഉറപ്പുവരുത്തേണ്ട ഉന്നത ഉദ്യോഗസ്ഥർ മനോനില തെറ്റിയതുപോലെ, വകുപ്പുകൾ തമ്മിൽ സംഘർഷം സൃഷ്ടിക്കും വിധമുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് പദവിക്ക് യോജിച്ചതല്ല.

നഗരശുചീകരണ ജോലികൾ റവന്യു വകുപ്പ് ജീവനക്കാരിൽ അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടായാൽ ബഹിഷ്കരിക്കുമെന്നും കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു. സംസ്ഥാന ട്രഷറർ ജി. ജയകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. ഗോപകുമാർ, ജില്ലാ സെക്രട്ടറി ആർ. സുഭാഷ്, ജില്ലാ പ്രസിഡന്റ് ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.