handcuff

കൊല്ലം: ചന്ദനത്തോപ്പ് നിവാസികളുടെ ഉറക്കം കെടുത്തിയ മോഷണസംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി. ചന്ദനത്തോപ്പിന് സമീപം വാടകയ്ക്ക് താമസിച്ചുവന്ന അൽത്താഫും (20), പ്രായപൂർത്തിയാവാത്ത മറ്റൊരാളുമാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ചന്ദനത്തോപ്പ് ജംഗ്ഷൻ, മേക്കോൺ ജുമാ മസ്ജിദ്, ഡാക്കമുക്ക് ഭാഗങ്ങളിലെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമെത്തി മോഷണവും പിടിച്ചുപറിയും സ്ത്രീകൾക്ക് നേരെ അക്രമവും നടത്തിവന്നവരാണ് പിടിയിലായത്. സംഘത്തിൽ അഞ്ചുപേരുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

മോഷണസംഘത്തിന്റെ ശല്യംമൂലം പൊറുതിമുട്ടിയ നാട്ടുകാർ ഒരാഴ്ചയായി ഉറക്കമൊഴിഞ്ഞ് കാത്തിരിപ്പായിരുന്നു. ചൊവ്വാഴ്ച രാത്രി ചന്ദനത്തോപ്പിലെ റൗഫിന്റെ അടച്ചിട്ടിരുന്ന വീട്ടിൽ അപരിചിതൻ കയറുന്നതുകണ്ട സമീപത്തെ വീട്ടമ്മയാണ് നാട്ടുകാരെ വിവരമറിയിച്ചത്. പ്രദേശവാസികൾ സംഘടിച്ചെത്തിയതോടെ മോഷണത്തിനെത്തിയ മൂന്നുപേർ ചിതറിയോടി. സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടി പൊലീസിന് കൈമാറി. സംഘത്തിലെ പ്രായപൂർത്തിയാകാത്ത ഇയാൾ ജുവനൈൽ ഹോമിൽനിന്ന് രക്ഷപ്പെട്ടതാണെന്നാണ് സൂചന. രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ നെടുമങ്ങാട് നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. പിടിയിലായയാളുടെ മൊബൈലിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് അങ്കണവാടിക്കുസമീപം വാടകയ്ക്ക് താമസിച്ചുവന്ന അൽത്താഫിനെ പൊലീസും നാട്ടുകാരും ചേർന്ന് പിന്നീട് പിടികൂടുകയായിരുന്നു. മാമൂട് സ്വദേശിയായ മറ്റൊരാൾകൂടി ജുവനൈൽ ഹോമിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവർ സംഘം ചേർന്നാണ് മോഷണം നടത്തുന്നത്.