കൊല്ലം: സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നിട്ടും കേരളകൗമുദി ഏജന്റിനെ ചവറ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. മൂന്ന് മണിക്കൂറോളം വീടിന്റെ താക്കോലടക്കം പിടിച്ചുവച്ച പൊലീസ് ഇരുചക്രവാഹനം വിട്ടുകൊടുക്കാനും തയ്യാറായില്ല.
ചവറ പന്മന ഇടപ്പള്ളിക്കോട്ട മുപ്പട്ടിയിൽ വി. ശിവകുമാറാണ് പൊലീസിന്റെ അതിക്രമത്തിന് ഇരയായത്.
ഇന്നലെ രാത്രി എഴരയോടെ പത്രം ഓഫീസിൽ പണം അടയ്ക്കാൻ പോകുന്നതിനായി ഇടപ്പള്ളിക്കോട്ടയിൽ എത്തിയതായിരുന്നു ശിവകുമാർ. ഈ സമയം ഇതുവഴി വന്ന ചവറ പൊലീസ് ബൈക്ക് തടഞ്ഞുനിറുത്തി. കൈവശമുണ്ടായിരുന്ന സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും കാണിച്ചിട്ടും വാങ്ങി നോക്കാൻ തയ്യാറാകാതെ ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയിട്ടും ശിവകുമാർ പറയുന്നത് കേൾക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ബൈക്കിന്റെ ചാവിക്കൊപ്പം കൊരുത്താണ് വീടിന്റെ താക്കോലും ശിവകുമാർ സൂക്ഷിച്ചിരുന്നത്. ബൈക്ക് കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കാത്ത ഉദ്യോഗസ്ഥർ വീട്ടിന്റെ താക്കോലും നൽകിയില്ല. രാത്രി പത്തോടെ ഒടുവിൽ വീടിന്റെ താക്കോൽ മാത്രം നൽകി.
ഇടപ്പള്ളിക്കോട്ട മേഖലയിൽ 500 ഓളം പത്രങ്ങൾ വിതരണം ചെയ്യുന്നത് ശിവകുമാറാണ്. പത്രവിതരണം മുടങ്ങുമെന്ന് പറഞ്ഞിട്ടും ബൈക്ക് വിട്ടുകൊടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥർ സംഘം ചേർന്ന് കളിയാക്കുയും ചെയ്തു. സ്റ്റേഷനിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് രാത്രി വൈകി നടന്നാണ് ശിവകുമാർ പോയത്.