pocket

 ഇവർ പൊലീസ് സേനയ്ക്ക് അപമാനം

......................................

പൊലീസിലെ ചിലരുടെ യാത്രക്കാരോടുള്ള ധിക്കാരപരമായ പെരുമാറ്റം സേനയ്ക്ക് തന്നെ അപമാനമായിരിക്കുകയാണ്. പാസോ, സത്യവാങ്മൂലമോ ഇല്ലാതെ ആരും നിരത്തിലിറങ്ങുന്നില്ല. പിന്നെന്തിന് ഈ ഏമാന്മാരുടെ വിളയാട്ടം.

നിയമപരമായി യാത്രക്കാരെ തടയാനും വാഹനങ്ങൾ പരിശോധിക്കാനും ചില 'സന്നദ്ധന്മാരു'ടെ ശല്യവും നിരവധിയാണ്. രോഗികളെ പരിചരിക്കാനോ അവർക്ക് സഹായം എത്തിക്കാനോ മറ്റ് ജനോപകാരപ്രദമായ പ്രവൃത്തികൾ ചെയ്യാനോ നിയോഗിച്ചാൽ അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പൊലീസ് സാന്നിദ്ധ്യത്തിൽ യാത്രക്കാരെ തടയുന്നത് സുഖമുള്ള കാര്യമല്ലേ?

......................................

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ ഒരു വിഭാഗം പൊലീസുകാർ നായാട്ടുകാരെ പോലെ ജനങ്ങളെ വിരട്ടി പോക്കറ്റടിക്കുന്നു. വിവിധ വിഭാഗം തൊഴിലാളികൾക്കും ജീവനക്കാർക്കും സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് ചില ഉദ്യോഗസ്ഥർ കണ്ണിൽ കണ്ടവർക്കെല്ലാം വൻതുക പിഴ ചുമത്തുന്നത്.

പുറത്തിറങ്ങിയാൽ പണം നഷ്ടാകുമെന്ന ഭീതി ജനങ്ങളുടെ മനസിൽ സൃഷ്ടിച്ച് വീട്ടിലിരുത്തുകയെന്ന തന്ത്രമാണ് പല ഉദ്യോഗസ്ഥരും പയറ്റുന്നത്. എന്നാൽ ഇതിനിരയാകുന്നത് പാവപ്പെട്ടവരാണ്. അനാവശ്യമായി കറങ്ങാനിറങ്ങുന്നവർ ഊടുവഴികളിലൂടെ രക്ഷപ്പെടുമ്പോൾ നേർവഴി പോകുന്നവർക്ക് നേരെയാണ് പൊലീസിന്റെ കുതിരകയറ്റം. ലോക്ക്ഡൗണിൽ നയാപൈസ വരുമാനമില്ലാതെ വലയുകയാണ് ഭൂരിപക്ഷം ജനങ്ങളും. വീട്ടിൽ ഒതുങ്ങിയിരുന്നാൽ കുടുംബം പട്ടിണിയാകും. അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. ഇതൊഴിവാക്കാൻ എന്തെങ്കിലും തൊഴിലിനിറങ്ങുന്നവരിൽ നിന്നാണ് പൊലീസ് മനഃസാക്ഷിയില്ലാതെ പിടിച്ചുപറിക്കുന്നത്.

മുന്തിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ പറയുന്നതും അവരുടെ പക്കലുള്ള സത്യവാങ്മൂലവും അതേപടി വിശ്വസിക്കുമ്പോഴാണ് പാവങ്ങൾ പറയുന്നത് കേൾക്കാൻ തയ്യാറാകാതിരിക്കുന്നത്. പലയിടങ്ങളിലും ലോക്ക്ഡൗൺ ലംഘിച്ചെന്ന പേരിൽ കസ്റ്റഡിയിലെടുക്കുന്നവരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും വ്യാപകമാണ്.

തെരുവിൽ 'സന്നദ്ധ' കോലാഹലം

പ്രധാന ജംഗ്ഷനുകളിലെ പിക്കറ്റിംഗ് കേന്ദ്രങ്ങളിൽ പോലും പൊലീസ് പിന്നിലാണ് നിൽക്കുന്നത്. മുന്നിൽ നിന്ന് മത്സരിച്ച് വാഹനങ്ങൾ തടയുന്നതും യാത്രയുടെ ഉദ്ദേശം തിരക്കുന്നതുമെല്ലാം സന്നദ്ധ പ്രവർത്തകരാണ്. ഓരോ വാഹനം മുന്നിലെത്തുമ്പോഴും ഇരകളെ കിട്ടിയ സന്തോഷത്തിലാണ് ഇവർ. കൂട്ടംചേർന്ന് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സത്യവാങ്മൂലവും മറ്റ് രേഖകളുമില്ലാതെ കടത്തിവിടുന്നതായും പരാതിയുണ്ട്.

സമീപദിവസങ്ങളിലെ സംഭവങ്ങൾ

1. ചവറ ഇടപ്പള്ളിക്കോട്ടയിൽ സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും കാണിച്ചിട്ടും പത്ര ഏജന്റിനെ കസ്റ്റഡിയിലെടുത്തു

2. പാരിപ്പള്ളിയിൽ പൊതു കക്കൂസിലേയ്ക്ക് പോയ യുവാവിന് രണ്ടായിരം രൂപ പിഴ ചുമത്തി

3. കടവൂരിൽ കാലിത്തീറ്റ വാങ്ങാൻ പോയ ക്ഷീരകർഷകന് സത്യവാങ്മൂലം ഉണ്ടായിരുന്നിട്ടും പിഴ ചുമത്തി

4. കാവനാട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടർക്ക് വൻതുക പിഴ അടിപ്പിച്ചു

5. വിയോധികനുമായി ആശുപത്രിയിൽ പോയതിന്റെ ചികിത്സാരേഖകൾ കാണിച്ചിട്ടും കുണ്ടറയിൽ 2000 രൂപ പിഴ വാങ്ങി

''

താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള എ.ടി.എം കൗണ്ടറിൽ നിന്ന് പണമെടുത്ത് മടങ്ങിവരുമ്പോൾ പാരിപ്പള്ളി പൊലീസ് വാഹനം പിടിച്ചെടുത്ത ശേഷം രണ്ടായിരം രൂപ പിഴ ചുമത്തി. ഇരുനൂറ് രൂപയെടുക്കാൻ ഇറങ്ങിയതിന്റെ പേരിലാണ് രണ്ടായിരം രൂപ പിഴ. പലപ്പോഴും വാങ്ങുന്ന തുകയേക്കാൾ കുറച്ചാണ് രസീതിൽ രേഖപ്പെടുത്താറുള്ളതെന്ന പരാതിയും വ്യാപകമാണ്.

ജയിംസ് പാരിപ്പള്ളി

''

എനിക്കൊപ്പം റേഷൻകടയിൽ കിറ്റ് വാങ്ങാൻ വന്ന ശേഷം പച്ചക്കറി വാങ്ങാൻ പോയ സഹോദരന്റെ വാഹനം പിടിച്ചെടുത്തു. റേഷൻകടയിൽ പോകുന്ന വിവരമേ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നുള്ളവെന്നതായിരുന്നു പൊലീസ് കണ്ടെത്തിയ കുറ്റം. വൈകിട്ടായപ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് വാഹനം തിരിച്ചു നൽകിയത്.

സ്മിത, ആലുംകടവ്

''

ബുധനാഴ്ച രാത്രി ഏഴരയോടെ പത്രത്തിന്റെ പണം അടയ്ക്കാൻ പോകുന്നതിനിടയിൽ ഇടപ്പള്ളിക്കോട്ടയിൽ വച്ച് പൊലീസ് തടഞ്ഞു. സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും കാണിച്ചിട്ടും വാഹനം പിടിച്ചെടുത്തു. രാത്രി പത്തുവരെ സ്റ്റേഷനിൽ നിന്ന് പലതവണ അപേക്ഷിച്ചപ്പോഴാണ് ബൈക്കിന്റെ താക്കൊലിനൊപ്പം കൊരുത്തിട്ടിരുന്ന വീടിന്റെ താക്കോൽ നൽകിയത്.

ശിവകുമാർ,

പത്ര ഏജന്റ്, ഇടപ്പള്ളിക്കോട്ട