കൊട്ടാരക്കര: ഓൺ ലൈൻ പഠനത്തിന് മതിയായ സൗകര്യമില്ലാത്ത ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് സർക്കാർ സബ്സിഡി നിരക്കിൽ മൊബൈൽ ലഭ്യമാക്കണമെന്നും അതു വാങ്ങാൻ കഴിയാത്തവർക്ക് ത്രിതല പഞ്ചായത്തുകൾ സൗകര്യമൊരുക്കി കൊടുക്കണമെന്നും തൃക്കണ്ണമംഗൽ ഫ്രണ്ട്സ് വാട്സ് ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഏഴായിരവും എണ്ണായിരവും രൂപ വിലയുള്ള ഫോർ ജി മൊബൈൽ സെറ്റുകൾ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ അർഹരായ വിദ്യാർത്ഥികൾക്കെങ്കിലും പഠന സൗകര്യമൊരുക്കുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ ഓൺ ലൈൻ പഠന സംവിധാനം പൂർണമാക്കാൻ സാധിക്കില്ലെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി. സജി ചേരൂർ, വെളിയം അജിത്,ബി.അനിൽ, സാം തെങ്ങുംവിള, സുനിൽ ജോൺ എന്നിവർ സംസാരിച്ചു.