kattana
കാട്ടന കൂട്ടം നശിപ്പിച്ച ഷെഡ്ഡിന് സമീപം കുഞ്ഞിരാമൻ .

പത്തനാപുരം : പിറവന്തൂർ പഞ്ചായത്തിൽ കടശേരി വനാതിർത്തിയോട് ചേർന്ന് കാട്ടാനക്കൂട്ടം ഇറങ്ങി കാർഷികവിളകളും ഷെഡും നശിപ്പിച്ചു. കടശ്ശേരി മുക്കിലാംപാട്ട് ചരുവിൽ വീട്ടിൽ കുഞ്ഞുരാമൻ, തടത്തിൽ വീട്ടിൽ രാഘവൻ , തേക്കും വിളയിൽ പൊടിയൻ എന്നിവരടക്കം നിരവധി പേരുടെ കാർഷിക വിളകൾ നശിപ്പിച്ചു. കുഞ്ഞിരാമൻ വർഷങ്ങളായി കൃഷിക്ക് കാവലിനായി താമസിച്ചു വന്ന ഷെഡും നശിപ്പിച്ചു. വന്യമൃഗശല്യം രൂക്ഷമാകുമ്പോൾ വനംവകുപ്പും ജനപ്രതിനിധികളും മറ്റ് അധികൃതരും ഇരുട്ടിൽ തപ്പുകയാണ്.വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഫയലിൽ ഉറങ്ങുകയാണ്.

നോക്കുകുത്തിയായി ഇരുമ്പ് കൂടുകൾ

കിടങ്ങുളോ വൈദ്യുത വേലികളോ നിർമ്മിക്കണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് ഇതുവരെ അധികൃതർ ചെവി കൊടുത്തിട്ടില്ല. ജനവാസമേഖലയിൽ കടുവ,പുലി ,കുരങ്ങ്,പന്നി,തുടങ്ങിയ കാട്ടുമൃഗങ്ങൾ ഭീഷണിയാകുമ്പോഴും കെണി വയ്ക്കാൻ ഉള്ള ഇരുമ്പ് കൂടുകൾ പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷനിലെ ഷെഡിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്നു. കെ.ബി.ഗണേശ് കുമാർ വനംവകുപ്പ് മന്ത്രിയായിരുന്നപ്പോൾ വന്യമൃഗശല്യത്തെപ്പറ്റി ജനങ്ങളുടെ പരാതി ഉയർന്ന സാഹചര്യത്തിലാണ് വനം വകുപ്പ് ഇരുമ്പ് കൂടുകൾ വാങ്ങിയത്.ഇത്തരം കൂടുകൾ ഉപയോഗിച്ച് മുൻപ് കുരങ്ങ്,പുലി ഉൾപ്പെടെയുള്ള മൃഗങ്ങളെ കെണിയിൽപ്പെടുത്തി വനംവകുപ്പുദ്യോഗസ്ഥർ ഉൾവനത്തിൽ കൊണ്ടുവിട്ടിരുന്നു. കാട്ടുമൃഗങ്ങളുടെ പിടികൂടാനുള്ള ഇരുമ്പ് കൂടുകൾ ഉപയോഗിക്കാത്തതിലും പ്രതിഷേധം വ്യാപകമാണ്.

വന്യമൃഗ ശല്യത്തിൽ നിന്ന് രക്ഷ നേടാൻ ലക്ഷങ്ങൾ ചെലവഴിച്ച പദ്ധതികൾ പ്രയോജനപ്രദമാക്കാൻ അധികൃതർ തയ്യാറാകണം.
ചേത്തടി ശശി,
(പൊതുപ്രവർത്തകൻ)


വന്യമൃഗ ശല്യത്താലുണ്ടാകുന്ന നാശങ്ങൾക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകണം.
സാജു ഖാൻ (ഗ്രാമ പഞ്ചായത്ത് അംഗം.