pic

കൊല്ലം: കൊവിഡ് ശ്വാസം മുട്ടിക്കുന്നവർക്ക് പ്രാണവായുവുമായി പായുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയിൽ കൈയടി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഓക്സിജൻ എത്തിക്കുന്നത് ആധാരമാക്കി ചിത്രീകരിച്ച ലഘു വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ആഴ്ചകൾക്ക് മുമ്പ് ആശുപത്രികളിൽ പ്രാണവായുവിന് വേണ്ടി നിലവിളി ഉയർന്ന ഘട്ടമുണ്ടായിരുന്നു. പാലക്കാട് കഞ്ചിക്കോടുള്ള പ്ലാന്റിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ ഓക്സിജൻ നിർമ്മിക്കുന്നത്. 220 ടൺ ശേഷിയുള്ള ഇവിടുത്തെ പ്ലാൻറിൽ നിന്ന് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്കും ഫില്ലിംഗ് പ്ലാന്റുകളിലേക്കും ദ്രവീകൃത ഓക്സിജൻ പ്രത്യേക ടാങ്കറുകളിൽ എത്തിക്കാനുള്ള ചുമതല സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പിന് നൽകി. ഒരു നിമിഷം പാഴാക്കാതെ ഓക്സിജൻ ടാങ്കറുകൾ ആശുപത്രികളിലെത്താൻ മോട്ടോർ വഹാന വകുപ്പ് അകമ്പടിയൊരുക്കി. കപ്പലിലും വിമാനത്തിലും എത്തിയ ഓക്സിജനും വിവിധ ആശുപത്രികളിൽ കൃത്യമായി എത്തിച്ചു. ഓക്സിജനുമായി പോകുന്ന ടാങ്കറുകളിലെ ഡ്രൈവർമാർക്കും മറ്റ് തൊഴിലാളികൾക്കും ഭക്ഷണവും കുടിവെള്ളവും കൃത്യസമയങ്ങളിൽ നൽകി. ഇപ്പോഴും തുടരുന്ന ഈ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ലഘു വീഡിയോ.

മലപ്പുറം എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരൻ സംവിധാനം ചെയ്ത വീഡിയോ എം.വി.ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ ക്ലാർക്ക് ബിജീഷ് ദേവരാഗം എഴുതിയ വരികൾക്ക് ലിജിത്ത് ലാൽ ഈണം നൽകി. മലപ്പുറം അസി.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഷാജിൽ.കെ.രാജ് ഗാനം ആലപിച്ചു. അനീഷ് തിരൂർ ചിത്രീകരിച്ച ആൽബത്തിന്റെ ചിത്രസംയോജനം നടത്തിയത് മണിവർണനാണ്. അഡീ. ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ ഓൺലൈനായി ആൽബം പ്രകാശനം ചെയ്തു. ചടങ്ങിയ മീഡിയ സെൽ സംസ്ഥാന നോഡൽ ഓഫീസർ ടി.ജി ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു. പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.